'ഭാര്യക്ക് പഞ്ചാബിൽ പോസ്റ്റിങ്, ഭർത്താവിന് ആൻഡമാനിലും'; പട്ടാള പോസ്റ്റിങ്ങുകളിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

By Web TeamFirst Published Nov 17, 2020, 11:32 AM IST
Highlights

ലഡാക്ക്, നോർത്ത് ഈസ്റ്റ്, ആൻഡമാൻ തുടങ്ങിയവ ദുഷ്കരമായ ലൊക്കേഷനുകൾ ആണെങ്കിലും, അവിടങ്ങളിലും ആരെങ്കിലുമൊക്കെ ഡ്യൂട്ടി ചെയ്തേ പറ്റൂ എന്നും കോടതി നിരീക്ഷിച്ചു. 

ദില്ലി : തമ്മിൽ ഒരുപാട് അകലമുള്ള രണ്ടു ബേസുകളിലേക്ക് തങ്ങളെ സ്ഥലം മാറ്റിക്കൊണ്ടുള്ള  ഉത്തരവിനെതിരെ, കേണൽ ദമ്പതികൾ സമർപ്പിച്ച അന്യായത്തിൽ നിർണായകമായ വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. സുഗമമായ പ്രവർത്തനത്തിനുതകുന്ന രീതിയിൽ ഓഫീസർമാരെ എവിടെയും പോസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം സേനയ്ക്കുണ്ട് എന്നും അതിൽ തങ്ങൾ ഇടപെടില്ല എന്നുമാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി. ലഡാക്ക്, നോർത്ത് ഈസ്റ്റ്, ആൻഡമാൻ തുടങ്ങിയവ ദുഷ്കരമായ ലൊക്കേഷനുകൾ ആണെങ്കിലും, അവിടങ്ങളിലും ആരെങ്കിലുമൊക്കെ ഡ്യൂട്ടി ചെയ്തേ പറ്റൂ എന്നും കോടതി നിരീക്ഷിച്ചു. 

ജോധ്പൂർ ബേസിൽ ഒരുമിച്ച് നിയുക്തരായിരുന്ന ദമ്പതികളിൽ, ഭാര്യയെ പഞ്ചാബിലെ ഭട്ടിൻഡ ബേസിലേക്കും, ഭർത്താവിനെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഇവർ ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു അവർ ആശ്വാസം തേടി സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും ഭർത്താവും, രണ്ടു പേരും കേണൽ റാങ്കിൽ ഉള്ള സൈനിക ഓഫീസർമാരാണ്.

ഈ ദമ്പതികൾക്ക് നാലര വയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞുണ്ട് എന്നും, ഭട്ടിൻഡക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും ഇടയിൽ 3500 കിലോമീറ്ററിലധികം ദൂരമുണ്ട് എന്നും, രണ്ടിൽ ഒരാൾ കുഞ്ഞിനെക്കരുതി സ്വയം വിരമിക്കൽ തെരഞ്ഞെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്നും ദമ്പതികൾക്ക് വേണ്ടി സീനിയർ സുപ്രീം കോടതി അഭിഭാഷകൻ രഞ്ജിത്ത് കുമാർ സുപ്രീം കോടതി ബെഞ്ച് സമക്ഷം വാദിച്ചു. 

എന്നാൽ, 2008 -ൽ സർവീസിൽ കയറിയ ശേഷം ദമ്പതികൾക്ക്, അവരുടെ അഭ്യർത്ഥന മാനിച്ച് മൂന്നു തവണ 'സ്പൗസ് കോർഡിനേറ്റഡ് പോസ്റ്റിങ്' അനുവദിച്ചതാണ് എന്നും, അവരെ ഒന്നിച്ചു നിർത്താൻ വേണ്ടി പരമാവധി ത്യാഗങ്ങളും, വിട്ടുവീഴ്ചകളും മുൻകാലങ്ങളിൽ സേനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് എന്നും സൈന്യത്തിന്റെ അഭിഭാഷകൻ പറഞ്ഞു. അവരെ ഒരേ ബേസിൽ ഇനിയും നിലനിർത്തുന്നത് സേനക്ക് വലിയ അധിക ചെലവുകളുണ്ടാക്കും എന്നും, ഫോർമേഷൻ ഹെഡ് ക്വാർട്ടേഴ്‌സുകളിൽ അനാവശ്യ പോസ്റ്റിംഗുകൾക്കും ഇടയാക്കുമെന്നും, അങ്ങനെ തുടർന്നും ചെയ്യാൻ ബുദ്ധിമുട്ടുണ്ട് എന്നും സൈന്യം വാദിച്ചു. 

click me!