
ദില്ലി: ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാനും ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കാനും നിതീഷ് കുമാറിനൊപ്പം നിൽക്കുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. നിതീഷ്കുമാറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അഖിലേഷ് യാദവിന്റെ വാഗ്ദാനം.
അതേസമയം, ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കൂടുതൽ പാർട്ടികളുമായി ചർച്ച നടത്തും. എല്ലാവരെയും ഒരുമിപ്പിച്ച് ബിജെപിക്കെതിരെ പോരാടുമെന്നും നിതീഷ്കുമാർ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രി ആകേണ്ട. തനിക്ക് ഒന്നും വേണ്ട. എല്ലാവരെയും ഒരുമിപ്പിക്കുകയാണ് താൻ ചെയ്യുന്നത്. എല്ലാവരും ഒരുമിച്ച ശേഷം നേതാവിനെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഈഗോ ഉണ്ടാകില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.
2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്ന് മമത ബാനർജി പറഞ്ഞു. പാര്‍ട്ടികള്‍ തമ്മില്‍ ഈഗോയില്ലെന്നും കൂട്ടായി പ്രവർത്തിക്കുമെന്നും മമത പറഞ്ഞു. നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചർച്ചകള്‍ക്ക് ശേഷമാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിച്ച് ചേർത്ത് അടുത്തഘട്ടത്തെ കുറിച്ച് ആലോചിക്കണമെന്ന് ചർച്ചയില്‍ മമത ആവശ്യപ്പെട്ടു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും നിതീഷ് കുമാറിനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam