'എജിയോട് മോശമായി സംസാരിച്ചാൽ പിടിച്ച് പുറത്താക്കും': അഭിഭാഷകനോട് ജസ്റ്റിസ് നരിമാൻ

By Web TeamFirst Published Apr 24, 2019, 4:26 PM IST
Highlights

ചീഫ് ജസ്റ്റിസിനെതിരെ അന്വേഷണം വേണമെന്ന് പറഞ്ഞ അഭിഭാഷക ഇന്ദിരാ ജയ്‍സിംഗിനും കോടതിയിൽ നിന്ന് മുന്നറിയിപ്പ് കിട്ടി. 'നിങ്ങളെ ഞാൻ തടഞ്ഞോ? ഇല്ലല്ലോ, എന്ന് ജ. അരുൺ മിശ്ര. 

ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണത്തിലെ ഗൂഢാലോചനക്കേസ് പരിഗണിക്കുന്നതിനിടെ എ ജി കെ കെ വേണുഗോപാലിനെതിരെ സംസാരിച്ച അഭിഭാഷകൻ ഉത്സവ് ബെയ്‍ൻസിന് ജസ്റ്റിസ് രോഹിൻടൻ നരിമാന്‍റെ മുന്നറിയിപ്പ്. എ ജി ബഹുമാനിക്കപ്പെടുന്ന മനുഷ്യനാണെന്നും അദ്ദേഹത്തെ സംശയിക്കുന്ന തരത്തിൽ സംസാരിച്ചാൽ പിടിച്ച് പുറത്താക്കുമെന്നും ആർ എഫ് നരിമാൻ താക്കീത് നൽകി. 

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം ഗൂഢാലോചനയാണെന്ന് സത്യവാങ്മൂലം സമർപ്പിച്ച അഭിഭാഷകനെതിരെയാണ് എ ജി കെ കെ വേണുഗോപാൽ സംശയങ്ങളുന്നയിച്ചത്. ''ഇത്രയധികം ഉന്നതമായ അന്വേഷണം ആവശ്യമുള്ള ഒരു കേസിൽ എങ്ങനെയാണ് ഗൂഢാലോചനയുണ്ടെന്ന് ഒരു അഭിഭാഷകന് സത്യവാങ്മൂലം സമർപ്പിക്കാനാകുന്നത്? അങ്ങനെയെങ്കിൽ കേസിൽ സമഗ്രമായ തെളിവുകൾ ഹാജരാക്കണ്ടേ? അതെവിടെ? തെളിവുകളില്ലാതെ ആരോപണം മാത്രമുന്നയിക്കാൻ കഴിയുന്നതെങ്ങനെ?'', കെ കെ വേണുഗോപാൽ ചോദിച്ചു.

''എജി ഇപ്പോൾ എന്നെ സംശയിക്കുകയാണ്. എന്നെ വ്യക്തിപരമായ ആക്രമിക്കുകയാണ്'', ഉത്സവ് ബെയ്‍ൻസ് ആരോപിച്ചു. 

''എജിയെ സംശയിക്കാൻ നിങ്ങൾക്ക് ഒരധികാരവുമില്ല. എജി ഈ ബാറിലെ ഏറ്റവും ബഹുമാന്യനായ അംഗമാണ്. ഞങ്ങളെല്ലാം അദ്ദേഹത്തോട് സംശയങ്ങൾ പോലും ചോദിക്കുന്നവരുമാണ്. അദ്ദേഹത്തെ സംശയിച്ചാൽ നിങ്ങളെ പിടിച്ച് പുറത്താക്കും ഞാൻ'', ക്ഷുഭിതനായ ജസ്റ്റിസ് ആർ എഫ് നരിമാൻ ഉത്സവ് ബെയ്‍ൻസിനോട് പറഞ്ഞു. 

''എന്നെ പിടിച്ചു പുറത്താക്കണമെന്നില്ല മൈ ലോഡ്, ഞാൻ തന്നെ പുറത്ത് പോകാൻ സന്നദ്ധനാണ്'', എന്ന് ഉത്സവ് ബെയ്‍ൻസ്. അപ്പോൾ ജസ്റ്റിസ് അരുൺ മിശ്ര ഇടപെട്ടു. ''നിങ്ങളൊരു ചെറുപ്പക്കാരനല്ലേ, കാര്യങ്ങളൊന്നും അങ്ങനെ മനസ്സിലേക്കെടുക്കരുത്'', എന്ന് അരുൺ മിശ്ര പറ‍ഞ്ഞു. 

''എല്ലാവരും എന്‍റെ ഇന്‍റഗ്രിറ്റിയെ സംശയിക്കുന്നു, ആക്രമിക്കുന്നു'', എന്ന് ഉത്സവ് ബെയ്‍ൻസ്. ''ഇവിടെ ആരും നിങ്ങളെ ആക്രമിക്കുകയോ സംശയിക്കുകയോ ചെയ്തില്ല", എന്ന് അരുൺ മിശ്ര.

ലൈംഗിക പീഡനാരോപണത്തിൽ ചീഫ് ജസ്റ്റിസിനെതിരെ സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട അഭിഭാഷക ഇന്ദിരാ ജയ്‍സിംഗിനോടാണ്, ഗൂഢാലോചനക്കേസിലാണ് ഇവിടെ വാദം നടക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞത്. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം ഇവിടെ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ''അഭിഭാഷകരെ വാദിക്കുന്നതിൽ നിന്ന് വിലക്കരുതെന്ന്'' ജയ്‍സിംഗ് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി 'നിങ്ങളെ ഞാൻ തടഞ്ഞോ? ഇല്ലല്ലോ', എന്ന് ജ. അരുൺ മിശ്ര. 

ഉത്സവ് ബെയ്‍ൻസിന്‍റെ വിശ്വാസ്യതയെക്കുറിച്ചും അന്വേഷണം വേണമെന്ന് ഇന്ദിരാ ജയ്‍സിംഗ് പറഞ്ഞു. കോടതി വളപ്പിലേക്ക് അഡ്വക്കറ്റ് എന്ന സ്റ്റിക്കറില്ലാതെ ഒരു ജാഗ്വർ കാറിലാണ് ബെയ്‍ൻസ് വന്നതെന്ന് ജയ്‍സിംഗും പറഞ്ഞു. 

click me!