ദയാഹർജി പിൻവലിച്ച് നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതി വിനയ് ശർമ

By Web TeamFirst Published Dec 7, 2019, 4:59 PM IST
Highlights

താൻ ഇത്തരമൊരു ദയാഹർജി നൽകുകയോ അതിൽ ഒപ്പുവയ്ക്കുകയോ നൽകാൻ ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് വിനയ് ശർമ പറയുന്നത്. അതിനാൽ ദയാഹർജി പിൻവലിക്കുന്നു.

ദില്ലി: നിർഭയ കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി വിനയ് ശർമ ദയാഹർജി പിൻവലിച്ചു. താൻ ഇത്തരത്തിലൊരു ദയാഹർജി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ശർമ രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി പിൻവലിച്ചത്. ഇങ്ങനെയൊരു ഹർജിയിൽ താൻ ഒപ്പുവച്ചിട്ടില്ല. ആരെയും ഹർജി നൽകാൻ ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന് വിനയ് ശർമ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളിക്കളയണമെന്ന ശുപാർശയോടെയാണ് ഈ ദയാഹർജി  രാഷ്ട്രപതിഭവന് കൈമാറിയത്. ഹർജി ആദ്യം ലഭിച്ച ദില്ലി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലും ഹർജി തള്ളിക്കളയുന്നതായി ഫയലിൽ രേഖപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇത് കൈമാറിയത്. അതിനാൽത്തന്നെ വിനയ് ശർമയുടെ ദയാഹർജി പരിഗണിക്കപ്പെടാൻ സാധ്യതയില്ലെന്ന സൂചനയാണ് ലഭിച്ചിരുന്നത്. 

2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കി യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തത്. പിന്നീട് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി.

കൊലപാതകത്തിന്‍റെയും ബലാത്സംഗത്തിന്‍റെയും നിഷ്ഠുരമായ വിവരങ്ങൾ പുറത്തറിഞ്ഞതോടെ നിർഭയ സംഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. രാജ്യതലസ്ഥാനം സമരങ്ങളുടെ പോരാട്ടവേദിയായി. പാർലമെന്‍റ് മുതൽ രാഷ്ട്രപതിഭവനിലേക്ക് വരെ പ്രതിഷേധം ഇരമ്പി. 

അത് പിന്നീട് ദില്ലിയിലെ സർക്കാർ തന്നെ താഴെ വീഴുന്നതിന് കാരണമായി. മറ്റൊരു രാഷ്ട്രീയബദൽ ആം ആദ്മി പാർട്ടിയിലൂടെ ഉയർന്നുവന്നു. രാഷ്ട്രീയവും സാമൂഹികരംഗങ്ങളും പല അഴിച്ചുപണികൾക്കും വിധേയമായി.

ഇതിനിടയിലും പ്രതികളുടെ അഭിമുഖങ്ങളും പുറത്തുവന്നത് കണ്ട് രാജ്യം തരിച്ച് നിന്നു. ബിബിസിയുടെ India's daughter - ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്‍ററിയിൽ അർധരാത്രി പുറത്തിറങ്ങി നടക്കുന്ന സ്ത്രീ ബലാത്സംഗം ചെയ്യപ്പെടേണ്ടവളാണ് എന്ന് പ്രതികളടക്കം പറയുന്നത് രാജ്യം കേട്ടു. ഇതോടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിക്കരുതെന്ന ആവശ്യം ശക്തമായി. സുപ്രീംകോടതി വരെ ഇവരുടെ വധശിക്ഷ ശരിവച്ചു. അവസാനപടിയെന്ന നിലയിലാണ് രാഷ്ട്രപതിയുടെ മുന്നിൽ ദയാഹർജി നൽകിയിരിക്കുന്നത്. ഇപ്പോൾ നൽകിയ ഹർജി തന്‍റേതല്ലെന്ന് വിനയ് ശർമ വ്യക്തമാക്കിയ സാഹചര്യത്തിൽ, ദയാഹർജി പരിഗണിക്കേണ്ട സാഹചര്യമില്ല. ഉന്നാവിലെയും തെലങ്കാനയിലെയും കൂട്ടബലാത്സംഗക്കേസുകളുടെ പശ്ചാത്തലത്തിൽ വിചാരണ അവസാനിച്ച് തൂക്കുകയർ കാത്തു കിടക്കുന്ന പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. 

click me!