അഭിനന്ദന്‍ പിടിയിലായത് പാകിസ്ഥാന്‍ പോര്‍വിമാനം എഫ്-16 നശിപ്പിച്ച ശേഷം

By Asianet MalayalamFirst Published Mar 1, 2019, 9:35 AM IST
Highlights

 പാക് വിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്ക് പത്ത് കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് ആക്രമണവിവരം ഇന്ത്യന്‍ വ്യോമസേന അറിയുന്നത്. ഇതോടെ ഇതേ മേഖലയില്‍ നീരിക്ഷണപ്പറക്കല്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ പോര്‍വിമാനങ്ങള്‍ രജൗരി ഭാഗത്തേക്ക് കുതിച്ചു. തൊട്ടു പിന്നാലെ ശ്രീനഗറിലെ വ്യോമതാവളത്തില്‍ നിന്നും സുഖോയ്, മിറാഷ് യുദ്ധവിമാനങ്ങളും അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു.  

ദില്ലി: അതിര്‍ത്തി കടന്നെത്തിയ  പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്ഥാന്‍ പിടിയിലായ എയര്‍വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ ഇന്ന് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറും. അതേസമയം  ബുധനാഴ്ച പാകിസ്ഥാന്‍റെ എഫ് 16 പോര്‍വിമാനം നശിപ്പിച്ച അഭിനന്ദനാണെന്നും ഇതിനു ശേഷമാണ് മിഗ് 21 ഹൈസോണ്‍ വിമാനം തകര്‍ന്നു വീണ് അഭിനന്ദ് പാക് പട്ടാളത്തിന്‍റെ പിടിയിലാവുകയും ചെയ്തതെന്ന് ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി. വ്യാഴാഴ്ച്ച ദില്ലിയില്‍ നടന്ന പ്രതിരോധ സേനാവക്താകളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂറാണ് ഇക്കാര്യം പുറത്തു വിട്ടത്.

ഫെബ്രുവരി 27-ന്  രജൗരിയിലെ സുന്ദര്ബനി പ്രദേശത്ത് കൂടെ വ്യോമാതിര്‍ത്തി ലംഘിച്ചാണ് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പ്രവേശിച്ചത്.  എട്ട് എഫ്-16 പോര്‍വിമാനങ്ങള്‍, നാല് ജെഎഫ്-17, നാല് മിറാഷ്-5 എന്നീ പോര്‍വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വന്നത്. ഇതില്‍ 3  എഫ്-16 പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു. പാക് വിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്ക് പത്ത് കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് ആക്രമണവിവരം ഇന്ത്യന്‍ വ്യോമസേന അറിയുന്നത്. ഇതോടെ ഇതേ മേഖലയില്‍ നീരിക്ഷണപ്പറക്കല്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ പോര്‍വിമാനങ്ങള്‍ രജൗരി ഭാഗത്തേക്ക് കുതിച്ചു. തൊട്ടു പിന്നാലെ ശ്രീനഗറിലെ വ്യോമതാവളത്തില്‍ നിന്നും സുഖോയ്, മിറാഷ് യുദ്ധവിമാനങ്ങളും അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു.  

ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍, ബ്രിഗേഡ്, ബാറ്റാലിയന്‍ ആസ്ഥാനങ്ങള്‍ തുടങ്ങിയവയായിരുന്നു പാകിസ്ഥാന്‍ വ്യോമസേനയുടെ ലക്ഷ്യം. എന്നാല്‍ ലക്ഷ്യകേന്ദ്രങ്ങളെ ആക്രമിക്കും മുന്‍പ് മിഗ് 21 വിമാനങ്ങള്‍ പാക് പോര്‍വിമാനങ്ങള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചു. ഇതേ തുടര്‍ന്ന് പിന്‍വലിഞ്ഞ പാകിസ്ഥാന്‍ എഫ് 16 വിമാനങ്ങള്‍ രജൗരിയില്‍ ബോംബുകള്‍ വര്‍ഷിച്ചെങ്കിലും ഇവയെല്ലാം തന്നെ ആളില്ലാത്ത ഇടത്താണ് ചെന്നു പതിച്ചത്. ഒരു ബോംബ് സൈനികകേന്ദ്രത്തിന്‍റെ കോംപൗണ്ടിലും വീണു. 

ഇതിനിടയിലാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധന്‍ സഞ്ചരിച്ചിരുന്ന മിഗ് 21 വിമാനം ഒരു പാകിസ്ഥാന്‍ എഫ് 16 വിമാനത്തെ പിന്തുടര്‍ന്ന് വീഴ്ത്തിയത്.  ഇതിനു ശേഷം മറ്റു രണ്ട് പോര്‍വിമാനങ്ങളെ പിന്നാലെ പോയ അഭിനന്ദന്‍റെ മിഗ് 21 വിമാനത്തെ മറ്റു പാക് പോര്‍വിമാനങ്ങള്‍ ആക്രമിച്ചു. നിയന്ത്രണം തെറ്റിയ ഈ വിമാനം പാക് അധീന കശ്മീരിലാണ് ചെന്നു പതിച്ചത്. ഇവിടെ വച്ചാണ് അഭിനന്ദന്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിടിയിലാവുന്നത്. 

പാകിസ്ഥാന്‍ ആക്രമണം നടത്തുന്നതിന് തലേന്ന് രാത്രി സുഖോയ്, മിഗ് 29 എന്നീ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. രാവിലെയോടെയാണ് മിഗ് 21 ബൈസോണ്‍ വിമാനങ്ങള്‍ നിരീക്ഷണ ചുമതല ഏറ്റെടുത്തത്. ഇതിനു പിന്നാലെയാണ് പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു വന്നതും ഇരുവ്യോമസേനകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചതും. 
 

click me!