
ശ്രീനഗർ: ജമ്മുകശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് ആലോചിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഫ്സപ പിന്‍വലിക്കുന്നത് പരിഗണനയിലാണെന്നും ക്രമസമാധാന ചുമതല പൂർണമായും ജമ്മുകശ്മീർ പൊലീസിന് നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. കശ്മീർ താഴ്വരയുടെ കൂടി പിന്തുണ നേടാനാണ് ബിജെപിയുടെ ഈ അപ്രതീക്ഷിത നീക്കം.
അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ കേന്ദ്രസർക്കാരിന് ജമ്മുകശ്മീരില്‍ വികസനവും സമാധാനവും കൊണ്ടുവരാനായെന്നാണ് ബിജെപി പ്രചാരണം. പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ ജമ്മുകശ്മീരിലെ ജനവിധി ബിജെപിക്ക് നിർണായകമാണ്. ഇതിനിടയിലാണ് സൈന്യത്തെ പിന്‍വലിക്കുമെന്ന വാഗ്ധനം അമിത് ഷാ നല്‍കുന്നത്. ഏഴ് വർഷത്തെ ബ്ലൂപ്രിന്‍റ് തയ്യാറാണെന്നും തെരഞ്ഞെടുപ്പിന് ശേഷം ജമ്മുകശ്മീലില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞു.
സൈന്യത്തിനുള്ള പ്രത്യേക അധികാരം പിന്‍വലിക്കുന്നത് ആലോചിക്കുന്നുണ്ട്. ക്രമസമാധാന ചുമതല പൂര്‍ണമായും സൈന്യത്തില്‍ നിന്ന് പൊലീസിന് കൈമാറുന്നതാണ് ആലോചനയിലുള്ളതെന്നും അമിത് ഷാ ജമ്മു കശ്മീരിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന് ഉള്ളിൽ പൂര്‍ത്തിയാക്കുമെന്നും അമിത് ഷാ അഭിമുഖത്തില്‍ വ്യക്തമാക്കി.
സൈന്യത്തിന് അതിർത്തിയിലെ സുരക്ഷ ചുമതല മാത്രം നൽകുക എന്ന കശ്മീർ താഴ്വരിയിലെ പാർട്ടികളുടെ ആവശ്യത്തോട് ചേർന്ന് നിൽക്കുന്നതാണ് അമിത് ഷായുടെ ഈ നീക്കം. താഴ്വരയിലും പാർട്ടി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാനും സഖ്യകക്ഷികളെ കണ്ടെത്താനും ബിജെപി ഇതിലൂടെ ലക്ഷ്യമിടുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam