
ദില്ലി: ഇറാൻ യുദ്ധകാലത്ത് രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നത് തടയുന്നതിൽ ഇ-20 പെട്രോൾ (എത്തനോൾ ബ്ലെൻഡിങ്) നയം നിർണായക പങ്കുവഹിച്ചെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. വാഹന ഉടമകളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും വലിയ തോതിലുള്ള വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് സർക്കാർ ഇ-20 നയത്തെ പിന്തുണച്ച് വിശദീകരണവുമായി രംഗത്തെത്തിയത്.
ഇറാൻ യുദ്ധകാലത്ത് ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ (ക്രൂഡ് ഓയിൽ) വില ബാരലിന് 135 ഡോളറായി ഉയർന്നിരുന്നു. യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതാണ് എണ്ണവില റെക്കോർഡ് ഉയരത്തിലെത്താൻ കാരണം. എണ്ണവില കുതിച്ചുയർന്ന ആ ഘട്ടത്തിൽ എത്തനോൾ കലർത്താത്ത പെട്രോളാണെങ്കിൽ ദില്ലിയിൽ വില ലിറ്ററിന് 125 രൂപ വരെ എത്തുമായിരുന്നു. എന്നാൽ 20 ശതമാനം എത്തനോൾ ചേർക്കുന്നത് വഴി ദില്ലിയിൽ ഉപഭോക്താക്കൾക്ക് 94.77 രൂപ നിരക്കിൽ പെട്രോൾ ലഭ്യമാക്കാൻ കഴിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന എത്തനോൾ പെട്രോളിൽ 20% ചേർക്കുന്നത് വഴി ആഗോള വിപണിയിലെ വിലക്കയറ്റത്തിന്റെ ആഘാതത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ സർക്കാരിനായെന്നും, അതുവഴി ഒരു ലിറ്ററിന് ഏകദേശം 30 രൂപയുടെ ലാഭമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇ-20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നുവെന്നും അറ്റകുറ്റപ്പണി ചെലവ് വർദ്ധിപ്പിക്കുന്നുവെന്നും കാണിച്ച് നിരവധി വാഹന ഉടമകളും പ്രതിപക്ഷവും രംഗത്തുണ്ടായിരുന്നു. മൈലേജിൽ ചെറിയ കുറവുകൾ ഉണ്ടാകാമെങ്കിലും ആഗോള വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ വലുതാണെന്ന് സർക്കാർ മറുപടിയിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam