ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്ത യുവതിക്ക് കൊവിഡ്

By Web TeamFirst Published Jun 7, 2020, 4:59 PM IST
Highlights

ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് ശ്രീനഗര്‍ സ്വദേശിയായ ഹിന ബഷീറിനെയും ഭര്‍ത്താവ് ജഹന്‍സെയ്ബ് സമിയെയും അറസ്റ്റ് ചെയ്തത്.
 

ദില്ലി: ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്ത യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ചില്‍ കസ്റ്റഡിയിലെടുത്ത ഹിന ബഷീര്‍ ബെയ്ഗിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എന്‍ഐഎ അറിയിച്ചു.
ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ച് ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് ശ്രീനഗര്‍ സ്വദേശിയായ ഹിന ബഷീറിനെയും ഭര്‍ത്താവ് ജഹന്‍സെയ്ബ് സമിയെയും അറസ്റ്റ് ചെയ്തത്. ഇവര്‍ പൗരത്വ നിയമ ഭേദഗതി സമരത്തില്‍ സജീവമായിരുന്നെന്നും പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് ഐഎസ് ബന്ധമാരോപിച്ചതോടെ കേസ് എന്‍ഐഎ ഏറ്റെടുത്തു. ഇവരുടെ സഹോദരനും ഐഎസ് പ്രവര്‍ത്തകനുമായ മുഹമ്മദ് അബ്ദുല്ല ബാസിതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തിഹാര്‍ ജയിലിലാണ് കഴിയുന്നത്. 2018ലാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാസിതിനെ അറസ്റ്റ് ചെയ്തത്. ബാസിതിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു. 

ചോദ്യം ചെയ്യലിനിടെയാണ് ഹിനക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിന് കൊവിഡ് ലക്ഷണങ്ങളില്ല. ഇവരുമായി ഇടപെട്ട ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എസ്പിയടക്കം എട്ടോളം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച ഇവരെ ചോദ്യം ചെയ്തിരുന്നു. 

ഹിനയും ഭര്‍ത്താവും ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഇതര മതസ്ഥരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്തുവെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍, ഇരുവര്‍ക്കും ഐഎസുമായോ മറ്റേതെങ്കിലും ഭീകര സംഘടനയുമായോ ബന്ധമില്ലെന്നും കശ്മീരി മുസ്ലീങ്ങളായതിന്റെ പേരില്‍ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും കുടുംബം ആരോപിച്ചു.
 

click me!