
കരൂർ: തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവിനെതിരെ ലൈംഗികാരോപണവുമായി വിവാഹിതയായ യുവതി രംഗത്ത്. കഴിഞ്ഞ മൂന്ന് മാസമായി ഈ പാർട്ടി നേതാവ് തന്നെ ലൈംഗികമായി ഉപദ്രിവിക്കാൻ ശ്രമിച്ചെന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നുമാരോപിച്ച് 25 കാരിയായ യുവിയാണ് പൊലീസിൽ പരാതി നൽകിയത്. കുലിത്തലൈയിലെ മലൈയപ്പ നഗറിൽ താമസിക്കുന്ന യുവതിയാണ്, ടിവികെ കൃഷ്ണരായപുരം ഈസ്റ്റ് യൂണിയൻ സെക്രട്ടറിയായ രമേശിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരാതി നൽകിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് യുവതിയുടെ കുടുംബം കുറ്റപ്പെടുത്തി. ഇതിൽ പ്രകോപിതരായ യുവതിയുടെ ബന്ധുക്കൾ ടിവികെ നേതാവിനെ തല്ലിച്ചതച്ചതായാണ് വിവരം.
താൻ ജോലി ചെയ്യുന്ന മെഡിക്കൽ സ്റ്റോറിന് പുറത്ത് രമേശ് പതിവായി നിൽക്കുകയും, ലൈംഗികച്ചുവയുള്ള പരാമർശങ്ങളും ആംഗ്യങ്ങളും കാണിക്കുകയും, വീട്ടിലേക്കുള്ള വഴിയിൽ തന്നെ പിന്തുടരുകയും ചെയ്തിരുന്നതായി കരൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി ആരോപിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ഇത് തുടരുകയാണെന്നും ഇക്കാര്യം താൻ കുടുംബത്തെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു. ഇതിനെത്തുടർന്ന്, കഴിഞ്ഞ രണ്ട് മാസമായി ഭർത്താവാണ് അവരെ ജോലിസ്ഥലത്ത് എത്തിക്കുകയും തിരികെ കൊണ്ടുപോകുകയും ചെയ്തിരുന്നത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, കേസിനെതിരെ മറ്റൊരു പരാതിയും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം നടന്ന ദിവസം ഭർത്താവിന് വരാൻ കഴിയാത്തതിനാൽ, പകരം യുവതിയുടെ ഇളയ സഹോദരിയാണ് അവരെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ, രമേശ് വഴിമധ്യേ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ഉടൻ തന്നെ ബന്ധുക്കളെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തുകയും, അവിടെ നാട്ടുകാർക്കൊപ്പം ചേർന്ന് രമേശിനെ മർദ്ദിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്ഥലത്തെത്തി രമേശിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിനുശേഷമാണ് യുവതി ഔദ്യോഗികമായി പരാതി നൽകിയത്. ടിവികെ ഭാരവാഹിയെ സംരക്ഷിക്കുന്നതിനായി കുലിത്തലൈ പൊലീസ് പരാതി അവഗണിക്കുകയാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
ഈ ആരോപണത്തോട് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ രമേശ് ഇപ്പോൾ കുലിത്തലൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ത്രീ സംരക്ഷണം അവകാശപ്പെട്ട് വന്ന വിജയ്‌യുടെ പാർട്ടിയിലെ ഭാരവാഹിക്കെതിരെ ഉയർന്ന ആരോപണം തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്ന് ആരോപിച്ച് ഡിഎംകെ എംപി കനിമൊഴി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ സംഭവത്തിൽ ടിവികെ നേതൃത്വത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. കൃഷ്ണരായപുരം ടിവികെ യൂണിയൻ സെക്രട്ടറിക്കെതിരെ പോലീസ് പരാതി നൽകിയിട്ടും എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്ന് കനിമൊഴി വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam