
ലഖ്നൗ: ലഖ്നൗവിലെ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ തീപിടിച്ചതിനെ തുടന്ന് യുവതിയും കുഞ്ഞും മരിച്ചു. ലഖ്നൗ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് ആശുപത്രിയിലാണ് ദാരുണ സംഭവം. ഫയർഫോഴ്സ് എത്തിയാണ് ഓപ്പറേഷൻ തിയറ്ററിലെ തീയണച്ചത്. സർജറിക്ക് കയറ്റിയ യുവതിയും ഹൃദയ ശസ്ത്രക്രിയക്ക് എത്തിച്ച കുട്ടിയുമാണ് മരിച്ചത്. കടുത്ത പുകയെ തുടർന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് അധികൃതർ പറഞ്ഞു. ഓപ്പറേഷൻ തിയറ്ററിലുണ്ടായിരുന്ന മറ്റുരോഗികളെ സുരക്ഷിതമായി മാറ്റാൻ സാധിച്ചെന്നും അധികൃതർ പറഞ്ഞു.
സാരി ഡോറിന് ഇടയിൽ കുരുങ്ങി, മെട്രോ ട്രെയിനിന് അടിയിലേക്ക് വീണ 35 കാരിക്ക് ദാരുണാന്ത്യം
ദില്ലി: മെട്രോ ട്രെയിനിന്റെ വാതിലിന് ഇടയിൽ സാരി കുടുങ്ങി. പാളത്തിനും ട്രെയിനിനും ഇടയിലായി കുടുങ്ങിയ 35കാരിക്ക് ദാരുണാന്ത്യം. ദില്ലിയിലെ ഇന്ദർലോക് മെട്രോ സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെയാണ് അന്ത്യം. യുവതി ട്രെയിനിലേക്ക് കയറുകയായിരുന്നോ ഇറങ്ങുകയായിരുന്നോയെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.
ഇന്നലെ വൈകുന്നേരമാണ് യുവതി മരിച്ചത്. പശ്ചിമ ദില്ലിയിൽ നിന്ന് മോഹന്‍ നഗറിലേക്ക് പോവുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് യുവതിയുടെ ബന്ധു വിക്കി വിശദമാക്കുന്നത്. ഏഴ് വർഷം മുന്‍പ് ഭർത്താവ് മരിച്ചുപോയ ഇവർക്ക് ഒരു മകനും മകളുമാണ് ഉള്ളത്. സംഭവത്തിൽ മെട്രോ സേഫ്റ്റി കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.