
ഹൈദരാബാദ്: ഹൈദരാബാദിൽ 23 കാരിയായ ഉദ്യോഗാർഥി ആത്മഹത്യ ചെയ്തതിനെ തുടർന്ന് വൻ പ്രതിഷേധം. വെള്ളിയാഴ്ച വാറങ്കൽ സ്വദേശിയായ പ്രവലിക ആണ് മരിച്ചത്. സർക്കാർ ജോലിക്കായി ശ്രമിച്ചിരുന്ന യുവതി പരീക്ഷകൾ നിരന്തരം മാറ്റിവെക്കുന്നതിൽ അസ്വസ്ഥയായിരുന്നു. അശോക് നഗറിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു പ്രവലിക. അർധ രാത്രി നടന്ന പ്രതിഷേധത്തിൽ നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (ടിഎസ്‌പിഎസ്‌സി) പരീക്ഷക്ക് തയ്യാറെടുക്കാനാണ് പ്രവലിക എത്തിയത്. പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആർഎസ് സർക്കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
പ്രവലികയെ ചിക്കഡ്‌പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ടിഎസ്‌പിഎസ്‌സി പരീക്ഷയുടെ ഗ്രൂപ്പ്-1 പരീക്ഷകൾ എഴുതിയതിന് ശേഷം രണ്ട് തവണ റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഗ്രൂപ്പ്-2 പരീക്ഷ മാറ്റിവച്ചു. പരീക്ഷകൾ ആവർത്തിച്ച് മാറ്റിവെച്ചതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പരീക്ഷകൾ മാറ്റിവയ്ക്കുന്നതിനിടയിൽ സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന പ്രവലിക പ്രതിസന്ധിയിലായതായി സുഹൃത്ത് പറഞ്ഞു.
യുവതിയുടെ മരണവാർത്ത സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചതോടെ യുവാക്കൾ ഹോസ്റ്റലിന് സമീപം തടിച്ചുകൂടി. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ അശോക് നഗറിലും ആർടിസി ക്രോസ്റോഡിലും ഗതാഗതം തടസ്സപ്പെട്ടു.
മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു. പ്രവലികയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. മരണത്തിൽ തെലങ്കാന കോൺഗ്രസ് അനുശോചനം രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ഹോസ്റ്റലിനു പുറത്ത് കോൺഗ്രസിന്റെയും എഐഎംഐഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രതിഷേധക്കാരോടൊപ്പം ചേർന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam