
ദില്ലി: ദില്ലി റെയിൽവേ സ്റ്റേഷനുള്ളിൽ മുപ്പത് വയസുകാരിയെ റെയിൽവെ ജീവനക്കാർ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെ യുവതി പൊലീസിനെ വിളിക്കുകയായിരുന്നു. അറസ്റ്റിലായ നാല് പേരിലൊരാളായ 35 കാരൻ സതീഷ് കുമാറും യുവതിയും രണ്ട് വർഷത്തോളമായി പരിചയക്കാരാണ്. റെയിൽവെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ യുവതിക്ക് റെയിൽവെയിൽ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകിയിരുന്നു.
വിനോദ് കുമാർ (38), മംഗൾ ചന്ദ് മീന (33), ജഗ്ദീഷ് ചന്ദ് (37) എന്നിവരാണ് പിടിയിലായ മറ്റ് മൂന്ന് പേർ. ഇവർ സതീഷ് കുമാറിന്റെ സുഹൃത്തുക്കളാണ്. നാല് പേരും റെയിൽവെ ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരാണെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷൺ ഹരീന്ദ്ര കുമാർ സിംഗ് പറഞ്ഞു.
2.27നാണ് യുവതി പൊലീസിനെ ഫോണിൽ വിളിച്ചത്. റെയിൽവെ സ്റ്റേഷൻ റൂമിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിപ്പെട്ടത്. ഓൾഡ് ദില്ലി റെയിൽവെ സ്റ്റേഷൻ പൊലീസ് സ്റ്റേഷനിലാണ് ആദ്യം ഫോൺ വന്നത്. പൊലീസെത്തി റെയിൽവെ സ്റ്റേഷനിൽ പരിശോധിച്ചെങ്കിലും സ്ത്രീയെ കണ്ടെത്താനായില്ല. സ്ത്രീ പൊലീസിനെ വിളിച്ച നമ്പറിൽ തിരിച്ച് ബന്ധപ്പെട്ടു. പ്ലാറ്റ്ഫോം നമ്പറടക്കം സ്ത്രീ പറഞ്ഞു കൊടുത്തു.
പുതിയ വീട് വാങ്ങിയതിന്റെയും മകന്റെ പിറന്നാളിന്റെയും ആഘോഷമുണ്ടെന്നും പങ്കെടുക്കണമെന്നും സതീഷ് യുവതിയോട് ആവശ്യപ്പെട്ടു. രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയ യുവതിയെ ഇലക്ട്രിക്കൽ മെയിന്റനൻസ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയ സതീഷ് കുമാറും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ട് പേർ പുറത്ത് കാവൽ നിന്നുവെന്നും സ്ത്രീ പരാതിയിൽ പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റിൽ വിട്ടു. നാല് പേരെയും ജോലിയിൽ നിന്ന് പുറത്താക്കിയതായും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam