
ദില്ലി: ദില്ലിയില്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയ ഗർഭിണി പുറത്ത് വഴിയരികില്‍ പ്രസവിച്ചു. സഫ‍്‍ദർജംഗ് ആശുപത്രിയിലെ എമർജൻസി ബ്ലോക്കിന് പുറത്താണ് ആശുപത്രിയുടെ അനാസ്ഥയ്ക്ക് ഇരയായി യുവതിക്ക് പ്രസവിക്കേണ്ടി വന്നത്. ഇന്ന് രാവിലെയാണ് സംഭവം. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ദില്ലി വനിതാ കമ്മീഷന്‍ കേസെടുത്തു. അതേസമയം ചികിത്സ നല്‍കിയില്ലെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.
തിങ്കളാഴ്ചയാണ് പൂർണ ഗർഭിണിയായ 21 വയസ്സുളള ഉത്തർപ്രദേശ് സ്വദേശി പൂനം, ദില്ലി സഫ‍്‍ദർജംഗ് ആശുപത്രിയിലെത്തിയത്. ചികിത്സ തേടിയെങ്കിലും പ്രസവ സമയമായില്ലെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നാണ് ബന്ധുവായ സ്ത്രീയുടെ ആരോപണം. പ്രസവ വാർഡിലേക്കോ ലേബർ മുറിയിലേക്കോ പ്രവേശനം നൽകിയില്ല. തുടർന്ന് രാത്രി മുഴുവൻ ആശുപത്രിക്ക് പുറത്ത് വഴിയരികിൽ കഴിച്ചു കൂട്ടിയ യുവതിക്ക്, രാവിലെ ആയതോടെ പ്രസവ വേദന കലശലായി. തുടർന്ന് പ്രദേശത്തുണ്ടായിരുന്ന സ്ത്രീകൾ തുണി കൊണ്ട് മറ കെട്ടി. യുവതി പ്രസവിച്ചതോടെയാണ് ആശുപത്രി അധികൃതർ എത്തിയത്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് സഫ്‍ദർജംഗ് ആശുപത്രി അറിയിച്ചു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങി. ദില്ലി വനിതാ കമ്മീഷനും സംഭവത്തില്‍ കേസെടുത്തു. അതേസമയം എത്തിയ ഉടനെ യുവതിയെ പരിശോധിച്ച് അഡ്‍മിറ്റ് ആകാന്‍ നിർദേശിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാല്‍ യുവതി ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ എത്തിയില്ല. നിലവില്‍ അമ്മയ്ക്കും കുഞ്ഞിനും ആശുപത്രിയില്‍ കൃത്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സഫ‍്‍ദർജംഗ് ആശുപത്രി അധികൃതർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
ദില്ലിയിലെ ഏറ്റവും തിരക്കേറിയ ആശുപത്രിയാണ് സഫ്‍ദർജംഗ് ആശുപത്രി. പ്രതിദിനം നൂറിലേറെ പ്രസവങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഒരു കിടക്ക തന്നെ രണ്ട് പേർ പങ്കിടുന്ന കാഴ്ച ഇവിടെ സാധാരണമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam