
മഥുര: നടുറോഡിൽ പൊലീസുകാരനും യുവതിയും തമ്മിൽ അടിപിടി. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. യുവതി പൊലീസുകാരനെ ചെരിപ്പുകൊണ്ട് അടിക്കുന്നതും പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഉത്തർപ്രദേശിലെ മഥുരയിൽ ഗാന്ധി ജയന്തി ദിനമായ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തിൽ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. റിപ്പോർട്ടുകൾ പ്രകാരം, പാനിഗാവ് ലിങ്ക് റോഡിൽ നിന്ന് കൈൽസാ നഗറിലേക്ക് തിരിയിന്നിടത്ത് നിൽക്കുകയായിരുന്നു പൊലീസ് സംഘം. അടുത്തുള്ള മാർക്കറ്റിൽ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ ഓട്ടോ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് അപമര്യാദയായി പെരുമാറി. ഇത് താൻ എതിർക്കുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു.
ചെരിപ്പുകൊണ്ട് അടിച്ചതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനും യുവതിയെ ആക്രമിച്ചിരുന്നു. ചെരുപ്പൂരി തല്ലിയ യുവതിയെ പൊലീസുകാരൻ ചവിട്ടുകയും തള്ളിയിടുകയും ചെയ്തു. ഇരുവരും തമ്മിലടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ജനത്തിരക്കേറിയ പ്രദേശത്ത് പട്ടാപ്പകലായിരുന്നു സംഭവം. ഇക്കൂട്ടത്തിൽ ഒരാൾ പകർത്തിയ വീഡിയോ ആണ് പുറത്തുവന്നത്. ഇതിന് പിന്നാലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്നാണ് യുവതി പൊലീസിനെതിരെ പരാതി നൽകിയത്. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി രജിസ്റ്റർ ചെയ്തതായും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു. അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam