അസഹ്യമായ വയറുവേദനയും ഛർദിയുമായി ആശുപത്രിയിൽ, 45കാരിക്ക് നഷ്ടമായത് ഇടത് കൈ; 78 ലക്ഷം രൂപ നൽകണമെന്ന് ഉത്തരവ്

Published : Sep 27, 2025, 05:35 PM IST
surgery

Synopsis

വയറുവേദനയെ തുടർന്ന് ചണ്ഡിഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 45-കാരിക്ക് ചികിത്സാ പിഴവ് മൂലം കൈ നഷ്ടമായി. കാനുല ഇട്ടതിനെ തുടർന്ന് ഗാംഗ്രീൻ ബാധിച്ചാണ് കൈ മുറിച്ചുമാറ്റേണ്ടി വന്നത്. സ്ത്രീക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.

ചണ്ഡിഗഡ്: തലവേദന, ഛർദ്ദി, വയറുവേദന എന്നിവയുമായി ചണ്ഡിഗഡിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയ 45കാരിയുടെ കൈയിൽ ഗാംഗ്രീൻ ബാധിച്ച് അത് മുറിച്ചുമാറ്റേണ്ടി വന്നതായി പരാതി. ഗാംഗ്രീൻ എന്നാൽ ശരീരത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും അവിടെയുള്ള കോശങ്ങൾ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. മൊഹാലി സ്വദേശിയായ ഗുർമീത് കൗറിനാണ് ഈ അവസ്ഥ വന്നത്. 2020 നവംബറിലാണ് വയറിലെ അസുഖത്തെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവം നടന്നതിങ്ങനെ

മരുന്ന് നൽകുന്നതിനായി ഡോക്ടർമാർ അവരുടെ ഇടത് കൈയിൽ ഒരു കാനുല ഘടിപ്പിച്ചു. ദിവസങ്ങൾക്കുള്ളിൽ വയറുവേദനയിൽ കുറവുണ്ടായെങ്കിലും, ഇടത് കൈയിൽ വീക്കവും വേദനയും അനുഭവപ്പെട്ടു. എന്നാൽ ഇത് സാധാരണമാണെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ മാറുമെന്നുമാണ് ഡോക്ടർമാർ അവരെ അറിയിച്ചത്.

എന്നാൽ രാത്രിയോടെ വേദന വർധിക്കുകയും അവരുടെ കൈയുടെ നിറം നീലയായി മാറുകയും കൈക്ക് തളർച്ച അനുഭവപ്പെടുകയും ചെയ്തു. ഉടൻ തന്നെ അവരെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. ഗാംഗ്രീൻ ബാധിച്ചതിനാൽ കൈ മുറിച്ചുമാറ്റുന്നത് ഒഴിവാക്കാൻ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

എങ്കിലും, ഡോക്ടർമാർ ശസ്ത്രക്രിയ പൂർത്തിയാക്കാതെ ഉപേക്ഷിച്ചു എന്നും മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു എന്നുമാണ് ഗുർമീത് കൗർ ആരോപിക്കുന്നത്. ചികിത്സ പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് സ്ത്രീയുടെ ബന്ധുക്കൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുന്നലില്ലാതെ തുറന്ന മുറിവുമായി ആംബുലൻസിൽ മറ്റൊരു ആശുപത്രിയിലേക്ക് അയച്ചുവെന്നും, അവിടെ എത്തിയപ്പോൾ ഡോക്ടർമാർ തന്‍റെ നഖങ്ങൾ നീക്കം ചെയ്യുകയും നാല് വിരലുകൾ മുറിച്ചുമാറ്റുകയും ചെയ്തതായും സ്ത്രീ ആരോപിച്ചു. ഇടത് കൈയാണ് നഷ്ടപ്പെട്ടത് എന്നതിനാൽ, ഒരു വീട്ടമ്മയായ തനിക്ക് സാധാരണ ജോലികൾ പോലും ചെയ്യാൻ കഴിയുന്നില്ലെന്നും കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും പൂർണ്ണമായി ആശ്രയിച്ചാണ് ഇപ്പോൾ കഴിയുന്നതെന്നും അവർ പറഞ്ഞു.

ആശുപത്രിയുടെ വാദം

എന്നാൽ, ആശുപത്രി അധികൃതർ ഈ ആരോപണങ്ങൾ നിഷേധിച്ചു. ബ്ലാക്ക്‌മെയിൽ ചെയ്യാൻ വേണ്ടിയാണ് ഈ പരാതി നൽകിയിരിക്കുന്നതെന്നാണ് ആശുപത്രിയുടെ വാദം. തങ്ങളുടെ ഭാഗത്ത് യാതൊരു അശ്രദ്ധയും ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ശസ്ത്രക്രിയക്ക് മുമ്പ് പരാതിക്കാരി തന്നെ സമ്മതപത്രം ഒപ്പിട്ടു നൽകിയിരുന്നു എന്നും എല്ലാ ചികിത്സാ നടപടികളും സമയബന്ധിതമായും സ്റ്റാൻഡേർഡ് ക്ലിനിക്കൽ പ്രോട്ടോക്കോളുകൾക്കനുസരിച്ചും ആണ് ചെയ്തതെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടു.

50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവ്

പരാതിയെ തുടർന്ന് കേസ് പരിഗണിച്ച ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, സ്ത്രീക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോട് ഉത്തരവിട്ടു. കൂടാതെ, മുറിച്ചുമാറ്റിയ കൈക്ക് കൃത്രിമ കൈ വെക്കുന്നതിനായി ആവശ്യമായ 28 ലക്ഷം രൂപയുടെ ചിലവ് വഹിക്കാനും കമ്മീഷൻ ആശുപത്രിയോട് നിർദ്ദേശിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'