
ലക്നൗ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കൂട്ടാളികളും. ഉത്തർപ്രദേശിലെ അംറോഹയിലാണ് കൊടും ക്രൂരത. അംറോഹയിലെ പിപ്ലൗട്ടി കല ഗ്രാമവാസിയും കൂലിപ്പണിക്കാരനുവുമായ മെഹ്‌രാജ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യയും കാമുകനും സുഹൃത്തും പൊലീസിന്‍റെ പിടിയിലായി. മെഹ്‌രാജിന്റെ ഭാര്യ റൂഹി, കാമുകൻ ഫർമാൻ ഇയാളുടെ സുഹൃത്ത് അദ്നാൻ എന്നവരാണ് പിടിയിലായത്. റൂഹി തന്‍റെ സഹോദരീ ഭർത്താവിന്റെ ബന്ധുവായ ഫർമാനുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാൾക്കൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
റൂഹിയും ഫർമാനും തമ്മിലുള്ള അടുപ്പം മെഹ്‌രാജ് അറിഞ്ഞതോടെ എതിർപ്പറിയിച്ചു. എന്നാൽ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ച ഭർത്താവിനെ കൊലപ്പെടുത്താൻ റൂഹി പദ്ധതിയിട്ടു. തുടർന്ന് കാമുകനുമായി മെഹ്‌രാജിനെ കൊല്ലാൻ ഒരു പദ്ധതിയിട്ടു. തുടർന്ന് റൂഹി സംഭവ ദിവസം രാത്രി ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി. ഭർത്താവ് ബോധം കെട്ടുറങ്ങിയതോടെ റൂഹി കാമുകൻ ഫർമാനെയും അയാളുടെ സുഹൃത്തായ അദ്‌നാനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് മെഹ്‌രാജിന്റെ കാലുകൾ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം മൂർച്ചയേറിയ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കുട്ടികളോടൊപ്പം മൃതദേഹത്തിനരികിൽ രാത്രി കഴിച്ചുകൂട്ടിയെന്നും തുടർന്ന് മോഷണത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് അറിയിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. രാവിലെ മെഹ്‌രാജിന്റെ പിതാവ് വീട്ടിലെത്തിയപ്പോഴാണ് വരാന്തയിലെ കട്ടിലിൽ മകൻ മരിച്ചുകിടക്കുന്നത് കണ്ടത്. വീട്ടിൽ മോഷണശ്രമം നടന്നെന്നും ആക്രമണം നേരിട്ടെന്നും ഇതിനിടെ ഭർത്താവ് കൊല്ലപ്പെട്ടെന്നും റൂഹി പറഞ്ഞെങ്കിലും സംശയം തോന്നിയ മെഹ്‌രാജിന്റെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് റൂഹിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
റൂഹിയുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കൊലപാതകത്തിന് തെളിവ് ലഭിച്ചു. ഇതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെ പൊലീസ് റൂഹിയേയും കാമുകനേയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. അന്വേഷണത്തിഷ കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികളും കണ്ടെടുത്തു. ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കയച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam