
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. സർക്കാർ തലയ്ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. ബസ്തർ മേഖലയിലെ ബിജാപൂർ ദന്തേവാഡാ ജില്ലകളുടെ അതിർത്തിയിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്.
രാവിലെ 9 മണിയോടെ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിന് ഇറങ്ങിയ സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശിച്ചത്തിന് മുന്പ് ഈ മേഖലയിലെ 50 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു.
ഓട്ടോമാറ്റിക് ഇൻസാസ് റൈഫിളാണ് കൊല്ലപ്പെട്ടവരിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെ ഈ വർഷം മാത്രം ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 135ായി. കഴിഞ്ഞ വർഷം 219 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.
2026 മാർച്ചോടെ ഇടതുപക്ഷ തീവ്രവാദത്തിന്റെ വേരറുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മേഖലയിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam