
മൈസൂർ: വീട്ടമ്മയായ യുവതിയുടെ മൊബൈല്‍ നമ്പര്‍ കബളിപ്പിച്ച് കൈക്കലാക്കി എ ഐ സി സി ജനറൽ സെക്രട്ടറി കെ സിവേണുഗോപാൽ എം പി ക്കെതിരെ സൈബര്‍ ആക്രമണം. യുവതി പരാതി നൽകിയതോടെ മൈസൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇരിക്കൂര്‍ സ്വദേശിനി നൽകിയ പരാതിയിലാണ് കേസെടുത്തത്. മൈസൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചാണ് സൈബർ ആക്രമണം നടത്തിയത്. ഈ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് 'കുണ്ടറ ബേബി'യെന്ന വ്യാജ ഫേസ്ബുക്ക് ഐ ഡിയില്‍ നിന്നാണ് കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിയുടെ പേരിലുള്ള ഫോണ്‍ നമ്പര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇരിക്കൂര്‍ സ്വദേശിയായ യുവതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ താന്‍ ഉപയോഗിച്ച് വന്നിരുന്ന നമ്പര്‍ ഉപയോഗിച്ച് ഇത്തരം ഒരു വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചത് യുവതി അറിഞ്ഞിരുന്നില്ല.
കെ സി വേണുഗോപാലിനെതിരെ നടക്കുന്ന സൈബര്‍ അക്രമണത്തിന് തന്റെ പേരിലുള്ള നമ്പരിലുള്ള ഫേസ്ബുക്ക് ഐ ഡിയും ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. വ്യാജ ഐ ഡി നിയന്ത്രിക്കുന്നവരെ കണ്ടെത്തി ആ പേജ് നീക്കം ചെയ്യണമെന്നടക്കമുള്ള ആവശ്യങ്ങളാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam