മുൾമുനയിൽ നിന്നത് 11 സംസ്ഥാനങ്ങളിലെ പൊലീസ്; പ്രണയാഭ്യർത്ഥന നിരസിച്ചയാൾക്ക് പണികൊടുക്കാൻ 30കാരിയുടെ വൻ ആസൂത്രണം

Published : Jun 24, 2025, 06:14 PM IST
Hoax bomb threat

Synopsis

ആർക്കും പിടികൊടുക്കാതെ ആസൂത്രണം ചെയ്ത പദ്ധതികൾക്കെല്ലാം ഒടുവിൽ അവിചാരിതമായി വരുത്തിവെച്ച ഒരു ചെറിയ പിഴവ് യുവതിയെ കുടുക്കി.

അഹ്മദാബാദ്: തന്റെ പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിന് പണികൊടുക്കാൻ 30കാരി നടത്തിയത് സിനിമ കഥകളെപ്പോലും വെല്ലുന്ന സാഹസങ്ങൾ. ചെന്നൈ സ്വദേശിനിയായ റോബോട്ടിക്സ് എഞ്ചിനിയറുടെ ഭീഷണി സന്ദേശങ്ങളിൽ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങൾ മണിക്കൂറുകളോളം ആശങ്കയുടെ മുൾമുനയിൽ നിന്നു. വ്യാജ ഇ-മെയിൽ വിലാസങ്ങളും വിർച്വൽ നമ്പറുകളുമെല്ലാം ഉപയോഗിച്ച് ആർക്കും പിടികൊടുക്കാതെ ആസൂത്രണം ചെയ്ത പദ്ധതികൾക്കെല്ലാം ഒടുവിൽ അവിചാരിതമായി വരുത്തിവെച്ച ഒരു ചെറിയ പിഴവ് യുവതിയെ കുടുക്കി.

റോബോട്ടിക് എഞ്ചിനീയറായ റെനെ ജോഷി‌ൽഡ വിപിഎൻ ഉപയോഗിച്ചും വ്യാജ ഇ-മെയിൽ വിലാസങ്ങൾ സൃഷ്ടിച്ചും വിവിധ സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയക്കുകയായിരുന്നു. ഓരോ സന്ദേശങ്ങളും ലഭിക്കുമ്പോൾ അതത് പ്രദേശങ്ങളിലെ പൊലീസ് സംവിധാനങ്ങൾ വൻജാഗ്രതയിലാവും. വിശദമായ പരിശോധനകൾക്കൊടുവിൽ ഓരോ സന്ദേശങ്ങളും വ്യാജമായിരുന്നെന്ന് ബോധ്യപ്പെടാൻ തന്നെ മണിക്കൂറുകളുടെ പരിശ്രമം വേണ്ടിയിരുന്നു. പിന്നീട് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങിയെങ്കിലും വലിയ സാങ്കേതിക ജ്ഞാനം ഉപയോഗിച്ച് നടത്തിയ ഈ പരിപാടികളൊന്നും പൊലീസിന് ഏറെ നാൾ കണ്ടെത്താനായില്ല.

ചെന്നൈയിൽ നിന്ന് എഞ്ചിനീയറിങ് പഠനം പർത്തിയാക്കിയ ശേഷം ഒരു ബഹുരാഷ്ട്ര കമ്പനിയിൽ സീനിയർ കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു ഇവ‍ർ. ഇതിനിടെ ഒരു പ്രൊജക്ടിനായി ബംഗളുരുവിൽ പോയപ്പോൾ അവിടെ വെച്ച് പരിചയപ്പെട്ട ദിവിജ് പ്രഭാകർ എന്ന യുവാവിനെ പരിചയപ്പെട്ടു. പിന്നീട് ഇയാളോട് പ്രണയം തുറന്നുപറഞ്ഞെങ്കിലും ദിവിജ് നിരസിച്ചു. ഫെബ്രുവരിയിൽ ഇയാൾ മറ്റൊരാളെ വിവാഹം ചെയ്തതോടെ എങ്ങനെയും പ്രതികാരം ചെയ്യണമെന്ന ചിന്ത മാത്രമായി യുവതിക്ക്. ദിവിജ് പ്രഭാകരന്റെ പേര് വെച്ച് നിരവധി വ്യാജ ഇ-മെയിൽ ഐഡികൾ ഉണ്ടാക്കി. ഇതിൽ നിന്ന് സ്കൂളുകളിലേക്കും ആശുപത്രികളിലേക്കും കായിക കേന്ദ്രങ്ങളിലേക്കുമൊക്കെ ബോംബ് ഭീഷണി സന്ദേശം അയച്ചു.

അഹ്മദാബാദിൽ മാത്രം നരേന്ദ്രമോദി സ്റ്റേഡിയം ഉൾപ്പെടെ 21 സ്ഥലങ്ങൾ ബോംബ് വെച്ച് തകർക്കുമെന്ന് ഇവർ സന്ദേശമയച്ചു. വിവിഐപികളുടെ സന്ദർശനങ്ങൾക്ക് മുന്നോടിയായി 11 സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങളെത്തി. ഇത് വൻ അധിക സുരക്ഷാ സന്നാഹങ്ങൾ ഒരുക്കേണ്ട സാഹചര്യമുണ്ടാക്കി. മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഡൽഹി, കർണാടക, കേരളം, ബിഹാർ, തെലങ്കാന, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൊക്കെ പല കാലങ്ങളിലായി യുവതിയുടെ ഇ-മെയിൽ സന്ദേശങ്ങളെത്തി.

ഏറ്റവുമൊടുവിൽ അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നതിന് പിന്നാലെ വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് അധികൃതർക്കും സന്ദേശം അയച്ചു. സംഭവിച്ചത് ഒരു അപകടമല്ലെന്നും തങ്ങളുടെ സംഘം നടത്തിയ അട്ടിമറിയാണെന്നുമായിരുന്നു അവകാശവാദം. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രുപാണി ഈ അപകടത്തിൽ മരിച്ചത് പോലും തങ്ങൾ ആസൂത്രണം ചെയ്തതാണെന്ന് യുവതി അവകാശപ്പെട്ടു. മെഡിക്കൽ കോളേജ് അധികൃതർ ഇതും പൊലീസിന് കൈമാറി. അതിനുശേഷം പൊലീസ് ഇതിന്റെ ഉറവിടം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇ-മെയിൽ ഐഡികൾ ക്രിയേറ്റ് ചെയ്യാൻ യുവതി ഉപയോഗിച്ചതെല്ലാം വെർച്വൽ ഫോൺ നമ്പറുകളായിരുന്നു. ടോർ ബ്രൗസറിൽ നിന്നാണ് എന്നാൽ ഇ-മെയിലുകളും അയച്ചത്. പിടിക്കപ്പെടാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുത്തു. ഒരു തെളിവും അവശേഷിക്കാതെയായിരുന്നു എല്ലാം. എന്നാൽ ഒരു പിഴവ് വരുത്തി. ഒരു തവണ ഒരേ ഐപി അഡ്രസിൽ നിന്ന് യുവതി ഒരു വ്യാജ ഇ-മെയിൽ ഐഡി തുറന്ന ശേഷം. അതേ ഐപിയിൽ നിന്നു തന്നെ തന്റെ യഥാർത്ഥ ഐഡിയും തുറന്നു. ഇതോടെ വ്യാജ മെയിലുകൾക്ക് പിന്നിൽ ആരാണെന്ന് പൊലീസ് കണ്ടെത്തി. അശ്രദ്ധമായി നടത്തിയ ഒരു ലോഗിൻ പിന്തുടർന്ന് പൊലീസ് എത്തി പിടികൂടുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ