
ഭോപ്പാൽ: മധ്യപ്രദേശിൽ നിറഞ്ഞൊഴുകുന്ന കനാലിൽ മുങ്ങിത്താണ 25കാരന് ജീവൻ തിരിച്ച് നൽകി 30 കാരി. യുവാവ് മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീ തന്റെ കയ്യിലുണ്ടായിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തിട്ട് വെള്ളത്തിലേക്ക് ചാടി യുവാവിനെ രക്ഷിക്കുകയായിരുന്നു. എന്നാൽ യുവാവിനൊപ്പം അപകടത്തിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാനായില്ല. 30 വയസ്സുള്ള റബീന വ്യാഴാഴ്ച വെള്ളം നിറയ്ക്കാൻ കനാലിനടുത്തേക്ക് പോയതായിരുന്നു.10 മാസം പ്രായമുള്ള കുഞ്ഞിനെയും കൈകളിൽ ചുമന്നാണ് അവർ പോയത്. അപ്പോഴാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്.
ഭോപ്പാൽ ജില്ലയിലെ കധൈയകാല ഗ്രാമത്തിൽ താമസിക്കുന്ന 25 കാരനായ രാജു അഹിർവാറും സുഹൃത്ത് ജിതേന്ദ്ര അഹിർവാറും വയലിൽ കീടനാശിനി തളിക്കാൻ അയൽ ഗ്രാമത്തിലേക്ക് പോയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് ശക്തമായ മഴ പെയ്തു, തിരിച്ചുപോകുമ്പോൾ, രണ്ട് ഗ്രാമങ്ങളെ വേർതിരിക്കുന്ന കനാൽ കരകവിഞ്ഞൊഴുകിയുരുന്നു. അക്കരെയുള്ള അവരുടെ സുഹൃത്തുക്കൾ അവരോട് അക്കരെ കടക്കരുതെന്ന് ആവശ്യപ്പെട്ടു. ഇരുവർക്കും മറ്റൊരു വഴിയിലൂടെ ഗ്രാമത്തിലെത്താൻ ബൈക്കിന്റെ താക്കോൽ നൽകാൻ ശ്രമിച്ചെങ്കിലും താക്കോലുകളാകട്ടെ മറുകരയിലെത്താതെ ഒഴുകുന്ന വെള്ളത്തിൽ അപ്രത്യക്ഷമായി.
മറുവശത്ത് നിന്ന് മുന്നറിയിപ്പ് നൽകിയിട്ടും രണ്ടുപേരും അക്കരെ കടക്കാൻ തീരുമാനിച്ചു. ഈ സമയമത്രയും റബീന നോക്കിനിൽക്കുകയായിരുന്നു. അവർക്ക് രാജുവിനെ അറിയാമായിരുന്നു. വെള്ളത്തിൽ ഇറങ്ങരുതെന്ന് റബീനയും മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് വക വയ്ക്കാതെ കുത്തിയൊഴുകുന്ന കനാലിലിറങ്ങിയ യുവാക്കൾ ശക്തമായ ഒഴുക്കിൽ പെട്ടു. നില തെറ്റി ഇവർ മുങ്ങാൻ തുടങ്ങി.
മുങ്ങിത്താഴാൻ തുടങ്ങിയ ഇവരുടെ കരച്ചിൽ കേട്ട് റബീന തന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തിട്ട് വെള്ളത്തിലേക്ക് ചാടി. അവൾ രാജുവിനെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ചു. തുടർന്ന് ജിതേന്ദ്രയെയും രക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. ജിതേന്ദ്രയുടെ മൃതദേഹം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ദർ ചേർന്ന് അടുത്ത ദിവസം കനാലിൽ നിന്ന് പുറത്തെടുത്തു.
മാധ്യമങ്ങളോട് സംസാരിച്ച റബീന പറഞ്ഞു, "അയാൾ 'ദീദി ബച്ചാവോ' എന്ന് നിലവിളിച്ചു, ഞാൻ രണ്ടാമതൊന്ന് ചിന്തിച്ചില്ല, അവൻ എന്റെ ഗ്രാമത്തിലുള്ളതാണ്. എനിക്ക് അവനെ അറിയാം. എനിക്ക് നീന്തൽ അറിയാം. എനിക്ക് അവനെ രക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഞാൻ ശ്രമിച്ചു. മറ്റേയാളെയും രക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു - റബീന പറഞ്ഞു. യുവതിയുടെ ധീരമായ പ്രകടനത്തിന് പോലീസ് പാരിതോഷികം നൽകി ആദരിച്ചു. റബീനയുടെ സഹോദരനും പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam