
ബെംഗളൂരു: പ്രണയം നിരസിച്ച പകയിൽ യുവാവിനെ കുടുക്കാൻ സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ഇ-മെയിലുകൾ അയച്ചതുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. റെനി ജോഷിൽഡ എന്ന യുവതിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു നഗരത്തിലെ നിരവധി സ്കൂളുകൾക്ക് അടുത്തിടെ വ്യാജ ബോംബ് ഭീഷണി ഇ-മെയിലുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നിഷ റെനി ആണെന്നാണ് പൊലീസ് കണ്ടെത്തിയത്. ഗുജറാത്ത് പൊലീസ് ആണ് യുവതിയെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് റെനിയെ ബോഡി വാറണ്ടിൽ ബെംഗളൂരുവിലേക്ക് കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
റെനി ജോഷിൽഡയ്ക്ക് ഒരു യുവാവിനോട് അടുപ്പം തോന്നിയിരുന്നു. എന്നാൽ യുവാവ് റെനിയുടെ പ്രണയം നിരാകരിക്കുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇതിന്‍റെ നിരാശയിലും വൈരാഗ്യത്തിലുമാണ് റെനി യുവാവിനെ കുടുക്കാനായി വ്യാജ ഇ-മെയിൽ ബോംബ് ഭീഷണി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ഇവർക്കെതിരെ നിരവധി കേസുകൾ രജസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകൾക്കും പൊതുസ്ഥലങ്ങൾക്കുമെതിരെ യുവതി ബോംബ് ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
ഗുജറാത്ത് വിമാനാപകടം പോലെ നിങ്ങളുടെ സ്കൂളുകൾ തകർക്കും എന്നാണ് റെനി ഭീഷണി ഇ-മെയിലുകളിൽ മുന്നറിയിപ്പ് നൽകിയിരുന്നത്. വിവിധ നഗരങ്ങളിലെ ഒന്നിലധികം സ്കൂളുകളിലേക്കും ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും വരെ ഇവർ വ്യാജഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. സംഭവത്തിൽ കഴിഞ്ഞ ജൂണിൽ അഹമ്മദാബാദ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിലെ ഏഴോളം സ്കൂളുകൾക്ക് അടുത്തിടെ അയച്ച ബോംബ് ഭീഷണി ഇമെയിലുകൾക്ക് പിന്നിലും റെനി ആണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഇവരെ ബെംഗളൂരു പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്.