
കൊൽക്കത്ത : അധ്യാപക നിയമന അഴിമതി കേസിൽ പിടിയിലായ പാര്‍ത്ഥ ചാറ്റര്‍ജിക്ക് നേരെ ചെരുപ്പെറിഞ്ഞ് സ്ത്രീ. കേന്ദ്ര സര്‍ക്കാരിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ചാറ്റര്‍ജിക്കെതിരെ ചെരുപ്പേറ്. തന്റെ പേര് സുഭ്ര ഘദുയ് എന്നാണെന്നും താൻ സൗത്ത് 24 പര്‍ഗൻസ് ജില്ലയിലെ അംതാല സ്വദേശിയാണെന്നും ഇവര്‍ മാധ്യമമങ്ങളോട് പറഞ്ഞു.
എന്തിന് ചെരുപ്പെറിഞ്ഞെന്ന് ചോദിച്ച മാധ്യമങ്ങളോട് സ്ത്രീ പറഞ്ഞതിങ്ങനെ; '' നിങ്ങൾക്ക് അറിയില്ലേ? ഒരുപാട് പാവങ്ങളുടെ പണം അയാൾ അപഹരിച്ചു, ഫ്ലാറ്റുകൾ വാങ്ങി. എന്നിട്ടും നിങ്ങൾ ചോദിക്കുന്നു എന്തിനെന്ന് . അയാളെ എസി കാറിലാണ് കൊണ്ടുനടക്കുന്നത്. അയാളെ കഴുത്തിൽ കയര്‍ കെട്ടി വലിച്ചുകൊണ്ടാണ് പോകേണ്ടത്. ആ ചെരുപ്പ് അയാളുടെ തലയിൽ കൊണ്ടിരുന്നെങ്കിൽ എനിക്ക് സന്തോഷമായേനെ'' - സ്ത്രീ പറഞ്ഞു.
നിരവധി പേര്‍ക്ക് കഴിക്കാൻ ഭക്ഷണമില്ല. ജോലി വാഗ്ദാനം ചെയ്ത് അയാൾ പണം തട്ടിയെടുത്തു. എന്നിട്ട് അയാൾ സന്തോഷിക്കുന്നു. ആ പണം സൂക്ഷിക്കാൻ ഫ്ലാറ്റുകൾ വാങ്ങി. എന്റെ മാത്രം ദേഷ്യമല്ല, ബംഗാളിലെ ലക്ഷക്കണക്കിന് ആളുകളുടെ ദേഷ്യമാണ് - അവര്‍ കൂട്ടിച്ചേര്‍ത്തു. ചെരുപ്പേറിന് ശേഷം പാര്‍ത്ഥ ചാറ്റര്‍ജിയെ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഇതോടെ ചാറ്റർജിയുടെ സുരക്ഷ വർദ്ധിപ്പിച്ചു.
മന്ത്രി ഉൾപ്പെട്ട അധ്യാപക നിയമന അഴിമതി കേസിൽ ഇതുവരെ ഇഡി കണ്ടെത്തിയത് 50 കോടി രൂപയാണ്. പിടിച്ചെടുത്ത പണവും സ്വർണ്ണവും 20 പെട്ടികളിലായിട്ടാണ് മാറ്റിയത്. ഇതോടെ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും പിന്നാലെ തൃണമൂൽ കോൺഗ്രസിലെ എല്ലാ പദവികളിൽ നിന്നും നീക്കുകയും ചെയ്തു. പാർട്ടി അച്ചടക്ക സമിതി ചേർന്നാണ് തീരുമാനം എടുത്തത്.
അഞ്ച് ദിവസം പിടിച്ചു നിന്ന ശേഷമാണ് ഒടുവിൽ മുഖം രക്ഷിക്കാൻ തൃണമൂൽ നടപടി എടുത്തത്. കേസില്‍ പാര്‍ത്ഥയെയും സുഹൃത്തും നടിയുമായ അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പിതയുടെ ഫ്ളാറ്റിൽ നിന്ന് നേരത്തെ 25 കോടി കണ്ടെത്തിയിരുന്നു. ഇന്നലെ ഒരു ഫ്ളാറ്റിൽ കൂടി പണം കണ്ടെത്തിയതോടെയാണ് തൃണമൂൽ കോൺഗ്രസിന് നടപടി എടുക്കേണ്ടി വന്നത്.
മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുമായി പണമിടപാട് നടന്നുവെന്ന് അര്‍പിത സമ്മതിച്ചതായും ഇഡി വ്യക്തമാക്കി. മന്ത്രിയേയും ഇഡി ചോദ്യം ചെയ്യുകയാണ്. മമത ബാനർജിക്കും അഴിമതിയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കി ബിജപി നിലപാട് കടുപ്പിക്കുകയാണ്. പണം കണ്ടെത്തിയത് കൊണ്ടാണ് നടപടി സ്വീകരിച്ചത് എന്നാണ് മമതയുടെ പ്രതികരണം. ഇതിനിടെ പാർത്ഥ ചാറ്റർജിയുടെ സ്വകാര്യ വസതിയിൽ മോഷണം നടന്നതും ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. 24 പർഗാനസ് ജില്ലയിലെ വസതിയിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. പശ്ചിമ ബംഗാളിൽ അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയായി ഈ കേസ് മാറുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam