യുവതിക്ക് ടെലിവിഷൻ അവതാരകനെ വിവാഹം ചെയ്യണം; നിരീക്ഷിക്കാൻ ക്വട്ടേഷൻ സംഘവും ട്രാക്കിങ് ഉപകരണവും, ഒടുവിൽ ക്രൂരത

Published : Feb 24, 2024, 04:01 AM IST
യുവതിക്ക് ടെലിവിഷൻ അവതാരകനെ വിവാഹം ചെയ്യണം; നിരീക്ഷിക്കാൻ ക്വട്ടേഷൻ സംഘവും ട്രാക്കിങ് ഉപകരണവും, ഒടുവിൽ ക്രൂരത

Synopsis

ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് ക്വട്ടേഷൻ സംഘാഗങ്ങളെല്ലാം ചേർന്ന് അവതാരകനെ തട്ടിക്കൊണ്ടുപോയി യുവതിയുടെ ഓഫീസിലെത്തിച്ചു. ക്രൂരമായ മർദനം ഏറ്റുവാങ്ങി.

ഹൈദരാബാദ്: ടെലിവിഷൻ അവതാരകനെ വിവാഹം ചെയ്യാൻ ലക്ഷ്യമിട്ട് അയാളെ നിരന്തരം നിരീക്ഷിക്കുകയും ഒടുവിൽ ആളെവിട്ട് തട്ടിക്കൊണ്ട് പോവുകയും ചെയ്ത് യുവതി. ക്രൂരമായ മ‍ർദനത്തിന് ഇരയായ യുവാവിന്റെ പരാതിയിൽ ഇവരെയും ക്വട്ടേഷൻ സംഘാംഗങ്ങളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ടിവി താരത്തെ നിരീക്ഷിക്കിനായി അയാളുടെ കാറിൽ പ്രത്യേക ട്രാക്കിങ് ഉപകരണവും ബിസിനസുകാരിയായ ഈ  യുവതി ഘടിപ്പിച്ചിരുന്നത്രെ.

ഹൈദരാബാദിലെ ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയുടെ ഉടമയായ 31 വയസുകാരി ഒരു മാട്രിമോണിയൽ സൈറ്റിലാണ് രണ്ട് വർഷം മുമ്പ് ടി.വി അവതാരകന്റെ ഫോട്ടോകൾ കണ്ടത്. പിന്നീട് ആ അക്കൗണ്ട് ഉടമയുമായി ചാറ്റിങ് തുടങ്ങി. എന്നാൽ മറ്റേതോ വ്യക്തി ടി.വി അവതാരകന്റെ ചിത്രം ദുരുപയോഗം ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കിയതാണെന്ന് പിന്നീട് യുവതിക്ക് മനസിലായി. ഇതോടെ ചാറ്റിങ് നിർത്തിയെങ്കിലും പിന്നീട് അന്വേഷിച്ച് ടി.വി അവതാരകന്റെ യഥാർത്ഥ ഫോൺ നമ്പർ സംഘടിപ്പിച്ചു.

മെസേജിങ് ആപ്പിലൂടെ ഇയാളുമായി ബന്ധപ്പെട്ട യുവതി മാട്രോമോണി സൈറ്റിലെ വ്യാജ അക്കൗണ്ടിനെക്കുറിച്ച് അറിയിച്ചു. ഇതേ തുടർന്ന് അവതാരകൻ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. എന്നാൽ അത് കൊണ്ടും അവസാനിപ്പിക്കാതെ യുവതി തുടർന്നും മെസജ് ചെയ്യാൻ തുടങ്ങി. ഇതോടെ അവതാരകൻ മെസേജുകൾ ബ്ലോക്ക് ചെയ്തു. എന്തായാവും അയാളെത്തന്നെ വിവാഹം ചെയ്യുമെന്ന് തീരുമാനിച്ച് ഉറപ്പിച്ച യുവതി, നാല് പേരെ സമീപിച്ച് ക്വട്ടേഷൻ കൊടുത്തു. ഇവരാണ് അവതാരകന്റെ കാറിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചത്. ഫെബ്രുവരി 11ന് ക്വട്ടേഷൻ സംഘാഗങ്ങളെല്ലാം ചേർന്ന് അവതാരകനെ തട്ടിക്കൊണ്ടുപോയി യുവതിയുടെ ഓഫീസിലെത്തിച്ചു. 

ക്രൂര മർദനങ്ങള്‍ക്കൊടുവിൽ യുവതിയുടെ ഫോൺ കോളുകള്‍ എടുക്കാമെന്നും മെസേജുകള്‍ക്ക് മറുപടി അയക്കാമെന്നും യുവാവ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെറുതെവിട്ടത്. തടങ്കലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ പൊലീസിൽ പരാതി നൽകി. ഇതോടെ പൊലീസ് സംഘം വ്യാപക അന്വേഷണം ആരംഭിച്ചു. ഇതിനൊടുവിൽ എല്ലാവരും പിടിയിലാവുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വെയ്ക്കൽ തുടങ്ങിയ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി