ആല്‍വാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് പൊലീസ് കോണ്‍സ്റ്റബിളായി നിയമനം

By Web TeamFirst Published May 28, 2019, 11:00 PM IST
Highlights

ഭര്‍ത്താവുമൊത്ത്‌ ബൈക്കില്‍ പോകുമ്പോള്‍ അഞ്ചംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
 

ആല്‍വാര്‍: ആല്‍വാര്‍  കൂട്ടബലാത്സംഗ കേസില്‍ ഇരയായ ദളിത് യുവതിയെ പൊലീസ് കോണ്‍സ്റ്റബിളായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. യുവതിക്ക് ഉടന്‍ തന്നെ നിയമന ഉത്തരവ് കിട്ടുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് പറഞ്ഞു. ഏപ്രില്‍ 26 നാണ് അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.  ഭര്‍ത്താവുമൊത്ത്‌ ബൈക്കില്‍ പോകുമ്പോള്‍ അഞ്ചംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. മൂന്നു മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ ദമ്പതികളെ അവര്‍ മോചിപ്പിച്ചത്‌. ദമ്പതികളുടെ കയ്യിലുണ്ടായിരുന്ന 2000 രൂപയും സംഘം തട്ടിയെടുത്തു. പിന്നീട്‌ ദമ്പതികളെ വിളിച്ച്‌ 9000 രൂപ ഇവര്‍ ആവശ്യപ്പെട്ടു. പണം ലഭിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഒരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്‌തു.

സംഭവം നടന്ന്‌ മൂന്നു ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ വിവരം ദമ്പതികള്‍ പുറത്തുപറയുന്നത്‌. ആകെ ഭയന്ന്‌ സമനില തെറ്റിയ അവസ്ഥയിലായിരുന്നു ഇരുവരും എന്നും യുവതിയുടെ ഭര്‍ത്തൃസഹോദരന്‍ പറഞ്ഞു.  മൂന്ന്‌ ദിവസത്തിന്‌ ശേഷം ആല്‍വാര്‍ പൊലീസ്‌ സൂപ്രണ്ടിന്‌ പരാതി നല്‍കിയെങ്കിലും അന്വേഷണം തുടങ്ങാന്‍ വീണ്ടും ദിവസങ്ങള്‍ വൈകി. തുടര്‍ന്ന്‌ പ്രതിഷേധം ശക്തമാവുകയും പൊലീസ്‌ സൂപ്രണ്ടിനെയും ആല്‍വാര്‍ സബ്‌ ഇന്‍സ്‌പെക്ടറെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്യുകയും ചെയ്‌തിരുന്നു.

click me!