സ്ത്രീയ്ക്ക് വിവാഹേതര ബന്ധമുണ്ടാകുന്നത് കുട്ടിയുടെ അവകാശം നല്‍കാതിരിക്കാനുള്ള കാരണമല്ല: പഞ്ചാബ് ഹൈക്കോടതി

By Web TeamFirst Published Jun 3, 2021, 6:04 PM IST
Highlights

യുവതിക്ക് ഒരു ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു ഇവരില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവ് കോടതിയെ അറിയിച്ചത്.  ഇയാളുടെ വാദം ശരിവയ്ക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും ഹാജരാക്കാന്‍ യുവാവിന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.

സ്ത്രീയ്ക്ക് വിവാഹേതര ബന്ധമുണ്ടാകുന്നത് കുട്ടിയുടെ കസ്റ്റഡി നല്‍കാതിരിക്കുന്നതിനായുള്ള കാരണമായി കാണാനാവില്ലെന്ന് പഞ്ചാബ് , ഹരിയാന ഹൈക്കോടതി.  പുരുഷാധിപത്യ സമൂഹമെന്ന നിലയില്‍ സ്ത്രീയുടെ സദാചാര മൂല്യങ്ങളേക്കുറിച്ച് പൊതുധാരണയുണ്ട്. പലപ്പോഴും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാവും അവര്‍ നേരിടേണ്ടി വരിക. പഞ്ചാബിലെ ഫത്തേര്‍ഗഡ് ജില്ലയില്‍ നിന്നുള്ള യുവതിയുടെ ഹേബിയസ് കോര്‍പ്പസ് പരാതിയിലാണ് കോടതിയുടെ തീരുമാനം. നാലര വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ കസ്റ്റഡി ആവശ്യപ്പെട്ടുള്ളതായിരുന്നു പരാതി.

യുവതിയുടെ പരാതി ശരിവച്ച കോടതി പെണ്‍കുട്ടിയുടെ കസ്റ്റഡി യുവതിക്ക് നല്‍കാനും ഉത്തരവിട്ടു. ഓസ്ട്രേലിയ സ്വദേശിയുമായാണ് യുവതി വിവാഹിതയായത്. യുവതിക്ക് ഒരു ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു ഇവരില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവ് കോടതിയെ അറിയിച്ചത്.  ഇയാളുടെ വാദം ശരിവയ്ക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും ഹാജരാക്കാന്‍ യുവാവിന് സാധിച്ചില്ലെന്ന് ജസ്റ്റിസ് അനുപീന്ദര്‍ സിംഗ് ഗ്രേവാള്‍ വിലയിരുത്തി. യുവതിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കോടതി വിശദമാക്കി. ഇനി സ്ത്രീയ്ക്ക് വിവാഹേതര ബന്ധമുണ്ടെങ്കില്‍ കൂടിയും അത് കുഞ്ഞിന്‍റെ അവകാശം സംബന്ധിച്ച കാര്യത്തില്‍ ബാധകമാവില്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹേതര ബന്ധമുള്ളതിനാല്‍ അവര്‍ നല്ലൊരു അമ്മയാവില്ല എന്ന് കരുതാനാവില്ലെന്നും കോടതി വിശദമാക്കി. ഈ കേസില്‍ യുവതിക്കെതിരായ ആരോപണങ്ങള്‍, നിലവാരമില്ലാത്തതും പരിഗണിക്കാനാവാത്തതുമായ ആരോപണങ്ങള്‍ മാത്രമാണ്. കുഞ്ഞിന് സ്നേഹം, പരിഗണന, അമ്മയുടെ പരിചരണം എന്നിവ മുന്നോട്ടുള്ള കാലത്തേക്ക് ആവശ്യമാണ്. 1956ലെ ഹിന്ദു മൈനോരിറ്റി ഗാര്‍ഡിയന്‍ഷിഫ്ഫ് ആക്ട് സെക്ഷന്‍ 6 അനുസരിച്ച് അഞ്ച് വയസ് പ്രായമാകുന്നത് വരെ കുട്ടിയുടെ സ്വാഭാവിക രക്ഷിതാവ് അമ്മയാണെന്നും കോടതി വ്യക്തമാക്കി.2013ലാണ് യുവതിയുടെ വിവാഹം ഓസ്ട്രേലിയന്‍ പൌരനുമായി നടക്കുന്നത്. 2017 ജൂണിലാണ് ദമ്പതികള്‍‌ക്ക് കുഞ്ഞ് ജനിച്ചത്. പിന്നാലെ ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടായി. 2020 ജനുവരിയില്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഭര്‍ത്താവ് കുഞ്ഞിനെയുമായി കടന്നുകളയുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!