
കാൺപൂർ: ഉത്തർപ്രദേശിൽ യുവതിയുടെ മൃതദേഹം തല അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തി. നഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദേശീയപാതയിൽ ഉപേക്ഷിച്ചതായാണ് സംശയം. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും യുവതിയെ കുറിച്ച് പൊലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
യുവതിയെ തിരിച്ചറിയാനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. മൂന്ന് ടീമുകളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എന്നാൽ, യുവതിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് സിസിടിവികൾ ഇല്ലെന്നത് പൊലീസിന് വെല്ലുവിളിയാകുകയാണ്. സംഭവ സ്ഥലത്ത് നിന്ന് ഏകദേശം 3 കിലോ മീറ്റർ അകലെയുള്ള ഒരു സിസിടിവിയിലെ ദൃശ്യങ്ങളിൽ ഒരു യുവതി ഒറ്റയ്ക്ക് നടന്ന് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദേശീയപാതയിൽ നിന്ന് കണ്ടെത്തിയ ചെരിപ്പിന്റെയും വസ്ത്ര ഭാഗങ്ങളുടെയും സമാനമായ ചെരിപ്പും വസ്ത്രവുമാണ് ഈ യുവതി ധരിച്ചിരിക്കുന്നത്. ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മരണ കാരണം കണ്ടെത്താനായി യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തുകയും മൃതദേഹത്തിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് സമാജ്വാദി പാർട്ടി നേതാവും എംപിയുമായ അഖിലേഷ് യാദവ് രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam