
പൂനെ: സഹയാത്രികരെ ആക്രമിക്കുകയും തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെയും ക്രൂ അംഗങ്ങളെയും കയ്യേറ്റം ചെയ്ത യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. പൂനെയിലെ ലോഗോൻ വിമാനത്താവളത്തിലാണ് സംഭവം. ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയാണ് സഹയാത്രികരെ ആക്രമിച്ചത്. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് സംഭവം. പൂനെ - ദില്ലി വിമാനത്തിലേക്ക് യാത്രക്കാരെ ബോർഡ് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം.
ഇൻഡിഗോയുടെ 6ഇ 5261 വിമാനത്തിലെ യാത്രക്കാരിയാണ് അപ്രതീക്ഷിതമായി സഹയാത്രികർക്ക് നേരെ തിരിഞ്ഞത്. തങ്ങൾക്ക് നൽകിയ സീറ്റുകളിൽ ഇരിക്കുകയായിരുന്ന രണ്ട് യാത്രക്കാരെ യുവതി ആക്രമിക്കുകയായിരുന്നു. ക്രൂ അംഗങ്ങൾ ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ ഇവർക്ക് നേരെയും യുവതി തിരിഞ്ഞതോടെയാണ് ക്രൂ അംഗങ്ങൾ സിഐഎസ്എഫിന്റെ സഹായം തേടിയത്. വിമാനത്തിനുള്ളിലെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരായ പ്രിയങ്ക റെഡ്ഡിയേയും സോനിക പാലിന് നേരെയും യുവതി തിരിയുകയായിരുന്നു. ഉദ്യോഗസ്ഥരുടെ മുഖത്തടിച്ച യുവതി പിടിച്ച് മാറ്റാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥരെ കടിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയെ നിർബന്ധിച്ച് ഡീ ബോർഡ് ചെയ്തത്.
യുവതിക്കൊപ്പമുണ്ടായിരുന്ന ഭർത്താവിനേയും യുവതിക്കൊപ്പം വിമാനത്തിൽ നിന്ന് പുറത്താക്കി സിഐഎസ്എഫ് ഉദ്യോഗസ്ഥർ പൊലീസിന് കൈമാറി. മനുപൂർവ്വം ആക്രമിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമത്തിനാണ് യുവതിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. നേരത്തെ ലക്നൌവ്വിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ആകാശ എയറിന്റെ വിമാനത്തിലും സമാന സംഭവം നടന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam