
ഹൈദരാബാദ്: അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന കാമുകനായ യുവാവിന്‍റെ അരികിലെത്താൻ 19 കാരിയായ യുവതി നടന്നത് 60 കിലോമീറ്റർ. ആന്ധ്രപ്രദേശിലാണ് സംഭവം. കൃഷ്ണ ജില്ലക്കാരിയായ ചിതികല ഭവാനിയാണ് ഇത്രയും ദൂരം നടന്ന് കാമുകനായ സായ് പുന്നയ്യയുടെ വീട്ടിലെത്തിയത്.
കഴിഞ്ഞ നാല് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്ത സമയത്ത് പ്രണയബന്ധത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ പുന്നയ്യയെ വിവാഹം കഴിക്കുന്നതിനോട് ഭവാനിയുടെ വീട്ടുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇതോടെ ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്.
ഇരുവരും ചേർന്ന് പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. നിസഹായ ആയി വീട്ടിൽ അകപ്പെട്ട ഭവാനി കൂടുതലൊന്നും ആലോചിച്ചില്ല. പദ്ധതി നടപ്പാക്കാൻ തന്നെ തീരുമാനിച്ചു. വീട്ടിൽ നിന്ന് കാൽനടയായി 60 കി.മീ അകലെയുള്ള കാമുകന്റെ അടുത്തേക്കെത്തി. വൈകാതെ തന്നെ വിവാഹവും നടന്നു.
എന്നാൽ ഭവാനിയുടെ ബന്ധുക്കൾ ഭീഷണിയുമായി എത്തിയതോടെ സംരക്ഷണമാവശ്യപ്പെട്ട് ഇരുവരും പ്രാദേശിക പൊലീസ് സ്‌റ്റേഷനിലെത്തി. 'ഇക്കഴിഞ്ഞ ദിവസമാണ് നവദമ്പതികൾ ഞങ്ങളുടെ അടുത്ത് സംരക്ഷണം തേടിയെത്തിയത്. വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ആ പെൺകുട്ടി കിലോമീറ്ററുകളോളം നടന്നാണ് കാമുകനായ യുവാവിനെ വിവാഹം ചെയ്യാനെത്തിയതെന്ന് മനസിലായി' പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
'ലോക്ക് ഡൗണിന് ശേഷം വിവാഹം മതിയെന്ന് ചിന്തിച്ചതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ സർക്കാർ നീട്ടുമെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഇനിയും കാത്തിരിക്കാനായില്ല. ഞാൻ നടന്ന് പുന്നയ്യയുടെ അരികിലെത്തി ' ഭവാനി പറയുന്നു.
മകളെ കാണാനില്ലെന്ന് പറഞ്ഞ് ഭവാനിയുടെ ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ ഇരുവരും പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി കൗണ്‍സിലിംഗ് നല്‍കിയ ശേഷം പൊലീസ് മടക്കി അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam