മൂന്ന് മാസത്തിനുള്ളില്‍ കണ്ടെത്തിയത് കാണാതായ 56 കുട്ടികളെ; താരമായി സീമ

By Web TeamFirst Published Nov 19, 2020, 4:10 PM IST
Highlights

കാണാതായ കുട്ടികളെ കണ്ടെത്താന്‍ എത്ര പ്രയത്നിക്കാന്‍ പോലും മടിയില്ലാത്ത മനോഭാവമാണ് ഈ പൊലീസ് കോണ്‍സ്റ്റബിളിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. 

ദില്ലി: മൂന്നുമാസത്തിനുള്ളില്‍ കാണാതായ 56 കുട്ടികളെ രക്ഷപ്പെടുത്തി ദില്ലിയിലെ വനിതാ കോണ്‍സ്റ്റബിള്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സീമ ധാക്കയെ തേടി പ്രമോഷനെത്താനുള്ള കാരണമായതും കാണാതായ കുട്ടികളെ തെരഞ്ഞ് പിടിക്കുന്നതിലെ ഈ കഴിവാണ്. കാണാതായ കുട്ടികളെ കണ്ടെത്താന്‍ എത്ര പ്രയത്നിക്കാന്‍ പോലും മടിയില്ലാത്ത മനോഭാവമാണ് ഈ പൊലീസ് കോണ്‍സ്റ്റബിളിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.

പതിനാല് വയസില്‍ താഴെയുള്ള 56 കുട്ടികളെയാണ് മൂന്നുമാസത്തെ ഇടവേളയില്‍ സീമ കണ്ടെത്തി വീട്ടുകാരുടെ പക്കലെത്തിച്ചത്. ദില്ലിയില്‍ നിന്ന് കാണാതായ ഏഴുവയസുള്ള കുട്ടിയെ പശ്ചിമ ബംഗാളില്‍ പ്രളയ ബാധിതമായ സ്ഥലത്ത് നിന്നാണ് അടുത്തിടെ സീമ കണ്ടെത്തിയത്. 2006ല്‍ ദില്ലി പൊലീസിന്‍റെ ഭാഗമായ സീം ഇതിനോടകം 76 കുട്ടികളെയാണ് കണ്ടെത്തിയത്. അസിസ്റ്റന്‍ഡ് സബ് ഇന്‍സ്പെക്ടറായാണ് സീമയ്ക്ക് പ്രമോഷന്‍ ലഭിച്ചത്.

2013 മുതല്‍ കാണാതായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങളുമാി പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുഡ്ഗാവ്, പശ്ചിമ ബംഗാള്‍, നോയിഡ എന്നിവിടങ്ങളിലും സീമ എത്തിയിരുന്നു. ബുധനാഴ്ചയാണ് സീമയ്ക്കുള്ള പ്രമോഷന്‍ ലഭിക്കുന്നത്. പ്രവര്‍ത്തന മികവിന് ഔട്ട് ഓഫ് ടേണ്‍ ആയി പ്രമോഷന്‍ ലഭിക്കുന്ന ദില്ലിയിലെ ആദ്യ പൊലീസുകാരി കൂടിയാണ് സീമയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഹിണി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് സീമയുടെ ഭര്‍ത്താവ്. എട്ട് വയസുള്ള മകനാണ് ഈ പൊലീസ് ദമ്പതികള്‍ക്കുള്ളത്.

ഓരോ കുട്ടികളേയും തിരികെ ലഭിക്കുമ്പോഴുള്ള വീട്ടുകാരുടെ സന്തോഷമാണ് തന്‍റെ ബലമെന്നാണ് സീമ ടൈംസ്ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. ഓഗസ്റ്റ് ഏഴിനാണ് കാണാതായ കുട്ടികളെ കണ്ടെത്തുന്ന പൊലീസുകാര്‍ക്ക് പ്രത്യേക പ്രോല്‍സാഹനങ്ങള്‍ നല്‍കുന്നതാണെന്ന് ദില്ലി പൊലീസ് മേധാവി പ്രഖ്യാപിച്ചത്.  ഇതിന് പിന്നാലെ കാണാതായ 1440 കുട്ടികളെയാണ് ദില്ലി പൊലീസ് കണ്ടെത്തിയത്. 

click me!