
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയർന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിൽ മുമ്പൊരിക്കലും കാണാൻ സാധിക്കാത്ത വിധത്തിലുള്ള സ്ത്രീ സാന്നിദ്ധ്യമാണുള്ളത്. വീട്ടമ്മമാരും വിദ്യാർത്ഥികളും യാഥാസ്ഥിതികരായ സ്ത്രീകളുമുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നു. പ്രതിഷേധത്തിലെ സ്ത്രീസാന്നിദ്ധ്യം വിളിച്ചോതുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുൾപ്പെടെയുള്ള മാധ്യമങ്ങൾ പങ്ക് വച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 20 ന് ബംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ലാത്തി പ്രയോഗത്തിൽ നിന്ന് പുരുഷൻമാരെ സംരക്ഷിക്കാൻ ചുറ്റും വലയം തീർത്ത് നിൽക്കുന്ന സ്ത്രീകളെ കാണാൻ സാധിക്കും. സ്ത്രീകൾ ദുർബലരാണെന്ന സ്ഥിരം വാദത്തെയും കാഴ്ചകളെയും മാറ്റിമറിക്കുന്നുണ്ട് ഈ ചിത്രം. ശുബാം നേഗി എന്നയാളാണ് ഫേസ്ബുക്കിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പുരുഷൻമാർക്ക് ചുറ്റും സംരക്ഷണ വലയം തീർക്കുന്നതോടൊപ്പം തന്നെ പൗരത്വബില്ലിനെതിരെ ഉറക്കെ മുദ്രാവാക്യം മുഴക്കുക കൂടി ചെയ്യുന്നുണ്ട് ഇവർ.
ഫോട്ടോ പോസ്റ്റ് ചെയ്ത ശുബാം നേഗി ഇപ്രകാരം കുറിച്ചിരിക്കുന്നു, ''ബംഗളൂരുവിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ജീവൻ വരെ അപകടത്തിലാകുമെന്ന് അറിയാമെങ്കിലും നിരവധി പേർ ഈ പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തിന് ഏറ്റവും കരുത്തു പകർന്ന് മുന്നിൽ നിന്നത് സ്ത്രീകളായിരുന്നു. സൂര്യാസ്തമയത്തിന് ശേഷവും സൂര്യോദയത്തിന് മുമ്പും സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന് ചട്ടമുണ്ട് എന്ന് നിങ്ങൾക്കറിയാമോ? അതാണ് അവരുടെ സുരക്ഷാ മാനദണ്ഡം'' നേഗി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. മുഖ്യധാരാ ബോളിവുഡ് സിനിമകളിൽ സ്ത്രീകളെ വെറും വസ്തുക്കളാക്കി മാറ്റുമ്പോൾ യഥാർത്ഥ സ്ത്രീകൾ ഇവിടെ തെരുവിൽ പുരുഷൻമാരുടെ ജീവൻ രക്ഷിച്ച് സമരത്തിലാണെന്നും നേഗി കൂട്ടിച്ചേർക്കുന്നു. ജാമിയ ക്യാംപസിൽ പൊലീസ് കടന്നുകയറി അക്രമണം നടത്തിയതിനെ തുടർന്ന് നിരവധി സ്ത്രീകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.
പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്ന് ജാമിയ ക്യാംപസിലെ മതിലിന് മുകളിൽ നിന്ന് വായുവിലേക്ക് വിരൽ ചൂണ്ടി മുദ്രാവാക്യം വിളക്കുന്ന മൂന്നു പെൺകുട്ടികളുടേതായിരുന്നു. മറ്റൊന്ന് പൊലീസിൽ നിന്ന് ആൺസുഹൃത്തുക്കളെ രക്ഷിക്കാൻ വലയം തീർക്കുന്ന സ്ത്രീകളുടേതും. പ്രതിഷേധത്തിന്റെ ചരിത്രനിമിഷങ്ങൾ അടയാളപ്പെടുത്തുമ്പോൾ ഈ ചിത്രങ്ങളും അതിൽ ഇടം പിടിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam