
ബെംഗളൂരു: എസി കോച്ചിൽ കയറി കവർച്ച നടത്തിയ മോഷണസംഘം 47 കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ചെന്നൈ സ്വദേശിയായ എവ്വി ചൊക്കലിംഗമാണ് കവർച്ചക്കിരയായത്. ചെന്നെയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന കാവേരി എക്സപ്രസിന്റെ എസി കോച്ചിൽ കഴിഞ്ഞ ദിവസം പുലർച്ചെ 3.30 നാണ് സംഭവം.
ട്രെയിൻ ബെംഗളൂരുവിൽ എത്തുന്നതിനു മുൻപുള്ള കെആർ പുരം സ്റ്റേഷനു സമീപമെത്താറായപ്പോഴാണ് രണ്ടുപേർ കമ്പാർട്ട്മെന്റിലേക്ക് വന്നത്. ഹാൻഡ് ബാഗ് പിടിച്ചുകൊണ്ട് വാതിലിനു സമീപമുളള സീറ്റിൽ ഇരുന്ന എവ്വിയുടെ പക്കൽ നിന്ന് മോഷണസംഘം ബാഗ് പിടിച്ചുവാങ്ങുകയും ബലപ്രയോഗത്തിനിടെ അവര്‍ ട്രെയിനിനു പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
കവർച്ചാസംഘം ബാഗുമായി കടന്നുകളഞ്ഞുവെന്നും ട്രാക്കിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന യുവതിയെ റെയിൽവേ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചതെന്നും സംഭവത്തിനു ശേഷം യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ ബാഗിലുണ്ടായിരുന്ന 14,000 രൂപയും എടിഎം കാർഡുകളും പാൻകാർഡും ഡ്രൈവിങ് ലൈസൻസും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇരുട്ടായതിനാൽ പ്രതികളുടെ മുഖം ഓര്‍മയില്ലെന്ന് സ്ത്രീ പൊലീസിന് മൊഴി നല്‍കി. സ്റ്റേഷൻ എത്താനായിരുന്നതിനാൽ ട്രെയിനിനു വേഗത കുറവായിരുന്നുവെന്നും അല്ലെങ്കിൽ ജീവൻ തന്നെ തിരിച്ചുകിട്ടില്ലായിരുന്നുവെന്നും എവ്വീ പറയുന്നു. ബെംഗളൂരിലെ രാമയ്യ ആശുപത്രിയിൽ ചികിത്സയിലാണ് എവ്വിയിപ്പോല്‍. ചെന്നൈയിലെ കോളേജിൽ പ്രൊഫസറായ അവർ ഔദ്യോഗിക ആവശ്യത്തിനാണ് ചെന്നൈയിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam