
ദില്ലി: ലോക്സഭയിൽ വനിതാ സംവരണബില്ല് ചർച്ചയിൽ പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. 130 എംപിമാർ ബില്ലിൽ സംസാരിച്ചുവെന്നും 56 വനിതാ എംപിമാർ ചർച്ചയിൽ പങ്കെടുത്തുവെന്നും ഇന്ത്യാ സഖ്യം ബില്ലിനെ എതിര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു. വനിത സംവരണത്തിന് എതിരെ തന്നെയാണ് പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പെന്നും 2029ലെ തെരഞ്ഞെടുപ്പിൽ ഇത് നടപ്പാക്കുകയെന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. ഒരാൾ ഒരു വോട്ട് എന്ന തത്വം അതേ അർത്ഥത്തിൽ നടപ്പാക്കാനാണ് നോക്കുന്നത്. വനിതാ സംവരണത്തെ എതിർക്കുന്നവർ എസ്‍സി, എസ്‍ടി സംവരണത്തെയും എതിര്‍ക്കുകയാണ്.
സീറ്റുകൾ കൂട്ടുന്നതിനെ എതിർക്കുന്നവർ എസി, എസ്‍ടി സീറ്റുകൾ കൂട്ടുന്നതിനെയും എതിർക്കുകയാണെന്ന് അമിത് ഷാ തുറന്നടിച്ചു. വലിയ ജനസംഖ്യയെ ഉൾക്കൊള്ളാൻ വേണ്ടിയാണ് മണ്ഡല പുനർനിർണയം നടത്താൻ ശ്രമിക്കുന്നത്. 48 ലക്ഷം വരെ ജനസംഖ്യയുള്ള മണ്ഡലങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ട്.ഒരു എംപിക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണ് നിലവിലെ ലോക്സഭാ സീറ്റുകൾ.20 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 127 മണ്ഡലങ്ങളുണ്ട്.മണ്ഡല പുനർനിർണയം നടത്താൻ അനുവദിക്കണം. മണ്ഡലപുനർനിർണ്ണയവുമായി സഹകരിച്ചാൽ അസന്തുലിതാവസ്ഥ പരിഹരിക്കാമെന്നും ഇന്ദിരാഗാന്ധി സർക്കാരിൻ്റെ കാലത്താണ് മണ്ഡല പുനർനിർണയം മരവിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു.ഭരണത്തിലുള്ളപ്പോഴും അല്ലാത്തപ്പോഴും കോൺഗ്രസ് മണ്ഡലപുനർനിർണ്ണയത്തെ എതിർക്കുകയാണ്.2029 ലോക്സഭ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കണമെങ്കിൽ ഇപ്പോൾ ബിൽ പാസ്സാക്കണം.
2027 സെൻസസിൻ്റെ അടിസ്ഥാനത്തിൽ 2029 ൽ വനിതാ സംവരണം നടപ്പാക്കാൻ ബുദ്ധിമുട്ടാണ്.2011 ലെ സെൻസസിൻ്റെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ടത് അനിവാര്യമാണ്. രാഹുൽ ഗാന്ധി സഭയിലെ സമയം പാഴാക്കുകയാണ്.രാഹുൽ ഗാന്ധിയുടെ ഇടപെടൽ പാർലമെൻ്റിനെ ശല്യപ്പെടുത്തുകയാണ്.ഈ രീതി രാഹുൽ ഗാന്ധി അവസാനിപ്പിക്കണം. സഭയിൽ എങ്ങനെ പെരുമാറണമെന്ന് രാഹുൽ ഗാന്ധി പ്രിയങ്കയിൽ നിന്നെങ്കിലും പഠിക്കണമെന്നും അമിത് ഷാ വിമര്‍ശിച്ചു.ജാതി സംവരണം നടപ്പാക്കാൻ സർക്കാർ ചർച്ചകൾക്ക് ശേഷം തീരുമാനിച്ചു.ജാതി സെൻസസ് തീരുമാനം മന്ത്രിസഭ തീരുമാനമാണ്.
50 ശതമാനം ലോക്സഭ സീറ്റ് വർധനവ് എല്ലാ സംസ്ഥാനങ്ങൾക്ക് ഉറപ്പു നൽകുകയാണ്.മണ്ഡല പുനർ നിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ സഹായിക്കും. കോൺഗ്രസിന് ജാതി സെൻസസിനോട് താല്പര്യമില്ല. അധികാരം നേടാനാകുമോ എന്നാണ് നോക്കുന്നത്. രാജ്യത്തെ വിഘടിച്ച് അധികാരം നേടാം എന്ന് കോണ്‍ഗ്രസ് വിചാരിക്കേണ്ട.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കും പാർലമെന്റിൽ ഒരേ അധികാരമാണുള്ളത്.ചെറിയ സംസ്ഥാനങ്ങൾക്കും വലിയ സംസ്ഥാനങ്ങൾക്കും ഒരേ അധികാരമാണ്.തലനര കൂടുകയേ ഉള്ളുവെന്നും ഭരണം പിടിക്കാനാകില്ലെന്നും അമിത് ഷാ പരിഹസിച്ചു.50 ശതമാനം സീറ്റ് വർദ്ധന രേഖപ്പെടുത്തിയുള്ള ഭേദഗതി ഒരു മണിക്കൂറിൽ കൊണ്ടുവരാമെന്നും ബിൽ പാസാക്കാമെന്ന ഉറപ്പ് നൽകണമെന്നും ഔദ്യോഗിക ഭേദഗതി അവതരിപ്പിക്കാൻ ഒരു മണിക്കൂർ സഭ നിര്‍ത്തിവെച്ചാൽ മതിയെന്നും അമിത് ഷാ പറഞ്ഞു.സംവരണം തടയുന്നവരെ രാജ്യത്തെ മാതൃശക്തി വെറുതെ വിടില്ലെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam