
ദില്ലി:വനിത സംവരണത്തിൽ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടെങ്കിലും ബിൽ പിന്‍വലിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വനിത സംവരണ ബിൽ പാര്‍ലമെന്‍റിൽ പരാജയപ്പെട്ടാലും പിന്‍വലിക്കില്ലെന്നും പരാജയം നേരിടുമെന്നുമാണ് എൻഡിഎ വൃത്തങ്ങള്‍ അറിയിക്കുന്നത്. ബില്‍ വോട്ടിനിട്ട് തള്ളിയാൽ വൻ പ്രചാരമവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെയടക്കം വൻ പ്രചാരണം നടത്താനാണ് ധാരണ.
വനിത സംവരണത്തിൽ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയായിരുന്നു. മണ്ഡല പുനർനിർണ്ണയം എല്ലാ പാർട്ടികളെയും ഒരു പോലെ ബാധിക്കുമെന്ന് ബോധ്യപ്പെടുത്താൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. വനിത സംവരണത്തെ കോൺഗ്രസ് പരാജയപ്പെടുത്തി എന്ന് പ്രചാരണം ബംഗാളിൽ ബിജെപി ശക്തമാക്കുമെങ്കിലും ഇത് സ്ത്രീ വോട്ടർമാരെ സ്വാധീനിക്കുമോ എന്ന് കണ്ടറിയണം. പ്രതിപക്ഷത്തിന്‍റെ ഈ നിലപാട് അടക്കം പശ്ചിമ ബംഗാളിലടക്കം ആയുധമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ.
വനിത സംവരണ ബില്ല് നടപ്പാക്കാനുള്ള ആലോചന തുടങ്ങിയപ്പോൾ ശിവസേന, എൻസിപി തുടങ്ങിയ കക്ഷികളുമായിട്ടാണ് കേന്ദ്രസർക്കാർ ആദ്യം ചർച്ച നടത്തിയത്. ചെറിയ പാർട്ടികളെ കൂടെ നിര്‍ത്തി പ്രതിപക്ഷത്ത് ഭിന്നത ഉണ്ടാക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ, ചെറിയ പാർട്ടികളുടെ സഹായം കൊണ്ടു മാത്രം ബില്ല് പാസ്സാക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് സമാജ് വാദി പാർട്ടിയെ കൂടെ നിര്‍ത്താനായി കേന്ദ്രത്തിന്‍റെ അടുത്ത ശ്രമം. സീറ്റുകളുടെ എണ്ണം ഉയർത്തുമ്പോൾ അതിന്‍റെ ഗുണം കൂടുതൽ കിട്ടുന്നത് ഉത്തർപ്രദേശിനാണ്. അതിനാൽ അഖിലേഷ് യാദവിന് ഈ നീക്കത്തെ എതിർക്കാനാകില്ലെന്നും സർക്കാർ വിലയിരുത്തി. 60 എംപിമാരുടെ പിന്തുണ പ്രതിപക്ഷത്ത് നിന്ന് നേടുകയോ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ ബില്ല് പാസാക്കാമായിരുന്നു. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തൃണമൂൽ കോൺഗ്രസിന് ബില്ലിനെ എതിർത്ത് വിരോധം ക്ഷണിച്ചു വരുത്താൻ കഴിയില്ല എന്ന ചിന്തയും ബിജെപിയെ ഇതുമായി മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചു.
എന്നാൽ, ഇക്കാര്യത്തിൽ കോൺഗ്രസ് കളത്തിലിറങ്ങി കളിക്കുകയായിരുന്നു. കെസി വേണുഗോപാൽ എല്ലാ പാർട്ടികളുടെയും നേതാക്കളുമായി സംസാരിച്ചു. ഏതു സാഹചര്യത്തിലും ബില്ലിനെതിരെ കോൺഗ്രസ് വോട്ടു ചെയ്യും എന്ന് വേണുഗോപാൽ നേതാക്കളെ അറിയിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ കൂടെ നിൽക്കുന്നുവെന്ന പ്രചാരണം ഉയർന്നേക്കുമെന്ന് ടിഎംസിക്ക് മനസ്സിലായി. അടുത്തവർഷം യുപി തെരഞ്ഞെടുപ്പ് നടക്കവേ ബിജെപി വിരുദ്ധ നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസിന് നൽകാൻ അഖിലേഷ് യാദവിനും മടിയുണ്ടായിരുന്നു. ശിവസേനയും എൻസിപിയും മാത്രം വോട്ടു ചെയ്താലും ബില്ല് പാസാകില്ല. മറ്റുള്ളവർ സർക്കാർ പക്ഷത്തേക്ക് പോകാത്ത സാഹചര്യത്തിൽ ഇവരും ആദ്യത്തെ ചാഞ്ചാട്ടം അവസാനിപ്പിച്ച് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനത്തോടൊപ്പം നിന്നു. ബില്ല് പരാജയപ്പെടുത്തിയത് സ്ത്രീവിരുദ്ധ നിലപാടെന്ന് കുറ്റപ്പെടുത്തി ബിജെപി പ്രചാരണം തുടങ്ങും. ബംഗാളിൽ ഇത് മമതയുടെ സ്ത്രീപിന്തുണ ചോർത്തും എന്നാണ് സർക്കാർ പ്രതീകഷിക്കുന്നത്. എങ്കിലും വനിത സംവരണത്തോടൊപ്പം മണ്ഡലപുനർനിർണ്ണയം കൂടി യാഥാർത്ഥ്യമാക്കാനുള്ള ബിജെപി നീക്കത്തിന് കഴിഞ്ഞ രണ്ടു ദിവസത്തെ കാഴ്ച കടുത്ത തിരിച്ചടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam