സ്ത്രീകളെ പൂജാരിമാരായി നിയമിക്കും; നിർണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

By Web TeamFirst Published Jun 12, 2021, 7:38 PM IST
Highlights

താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകും. നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കും.

ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്ന് തമിഴ്നാട് സർക്കാർ. താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകും. നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു അറിയിച്ചു.

എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അം​ഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങും. തുടർന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളിൽ അവരെ നിയമിക്കും-  മന്ത്രി പറഞ്ഞു.

ഡിഎംകെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ എല്ലാ ജാതിയില‍ുള്ളവര്‍ക്കും പൂജാരിയാകാം എന്ന നിയമം നടപ്പാക്കും. സര്‍ക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ തമിഴിലും പൂജ നടത്താന്‍ സൗകര്യമൊരുക്കും.തമിഴ്നാട്ടില്‍ മുപ്പതിലധികം ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ പൂജാരിമാരുടെ ഒഴിവുണ്ട്. പുരുഷന്‍മാര്‍ മാത്രം പൂജാരിമാരായുള്ള ക്ഷേത്രങ്ങളുണ്ട്, പരിശീലനം നേടിയ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് എല്ലാ ക്ഷേത്രങ്ങളിലും പൂജനടത്താന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ അനുകൂല നിലപാടാണ് ഉണ്ടായത്.  മുഖ്യമന്ത്രി സ്റ്റാലിന്‍ ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും. സര്‍ക്കാര്‍ തീരുമാനത്തോട് അണ്ണാഡിഎംകെയും ബിജെപിയും പ്രതികരിച്ചിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!