
ദില്ലി: സുപ്രീംകോടതി നിയമിച്ച മൂന്നംഗ ആഭ്യന്തര സമിതിക്ക് മുമ്പാകെ ഇനി ഹാജരാകില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിച്ച യുവതി രംഗത്തെത്തി. സമിതിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് യുവതി വ്യക്തമാക്കി. തന്‍റെ ഭാഗം വാദിക്കാൻ അഭിഭാഷകനെ അനുവദിക്കുന്നില്ലെന്നും, തന്‍റെ മൊഴി രേഖപ്പെടുത്തിയതിന്‍റെ പകര്‍പ്പ് നൽകാൻ ജഡ്ജിമാര്‍ തയ്യാറാകുന്നില്ലെന്നും യുവതി ആരോപിച്ചു.
സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതിയുടെ പ്രവര്‍ത്തനങ്ങൾക്കെതിരെ പരാതിക്കാരി ഉയര്‍ത്തുന്ന ആരോപണങ്ങൾ ഇവയാണ്. ഒന്ന്. തന്‍റെ ഭാഗം വിശദീകരിക്കാൻ അഭിഭാഷകനെ സമിതി അനുവദിക്കുന്നില്ല. രണ്ട്. ആഭ്യന്തര അന്വേഷണ സമിതിയുടെ പ്രവര്‍ത്തനങ്ങൾ വീഡിയോയിൽ പകര്ത്തുന്നില്ല. മൂന്ന്. സമിതിക്ക് മുമ്പാകെ നൽകിയ മൊഴികളുടെ പകര്‍പ്പ് ജഡ്ജിമാര്‍ നൽകുന്നില്ല. നാല്. സമിതിയുടെ പ്രവര്‍ത്തനങ്ങൾ രീതികൾ എന്തൊക്കെ എന്ന് വിശദീകരിക്കുന്നില്ല. ഈ കാരണങ്ങളാൽ ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക അതിക്രമ പരാതി അന്വേഷിക്കാൻ ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിക്ക് മുമ്പാകെ ഇനി ഹാജരാകില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി.
ഏപ്രിൽ 26, 29 തിയതികളിലും ഇന്നുമായി മൂന്ന് ദിവസമാണ് സമിതി യുവതിയിൽ നിന്ന് മൊഴിയെടുത്തത്. അഭിഭാഷകര്‍ ഉൾപ്പടെ ആരെയും പ്രവേശിപ്പിക്കാതെ മൂന്ന് ജഡ്ജിമാര്‍ യുവതിയിൽ നിന്ന് നേരിട്ടാണ് മൊഴിയെടുത്തത്. ജസ്റ്റിസ് എസ് എ ബോബ്ഡേക്ക് പുറമേ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഇന്ദു മൽഹോത്ര എന്നിവരാണ് ആന്വേഷണ സമിതിയിലുള്ളത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് സമിതിയിൽ നിന്ന് ജസ്റ്റിസ് എൻ വി രമണ നേരത്തെ പിന്മാറിയിരുന്നു. അന്വേഷണ സമിതിയിൽ യുവതി അവിശ്വാസം അറിയിച്ച സാഹചര്യത്തിൽ ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതി പുതിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കും. ചീഫ് ജസ്റ്റിസിനെതിരെ ഗൂഡാലോന നടത്തിയത് അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ഇന്ദിര ജയ്സിംഗുമാണെന്ന കേസും സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam