
ദില്ലി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ നടക്കുന്ന കർഷക പ്രതിഷേധത്തിനിടെ കർഷകരെ ലാത്തികൊണ്ടും ജലപീരങ്കികൊണ്ടും നേരിട്ട ഹരിയാന മുഖ്യമന്ത്രി മാപ്പുപറയാതെ അദ്ദേഹത്തോട് സംസാരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പ്രതിഷേധത്തിന് പിന്നിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും പഞ്ചാബിലെ കർഷകരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ മാപ്പുപറയാതെ അദ്ദേഹത്തോട് സംസാരിക്കില്ലെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി. ഹരിയാന സർക്കാരിന്റെ പരിധിയിലല്ലാത്ത കാര്യത്തിൽ ഇടപെടുകയും നുണ പ്രചരിപ്പിക്കുകയുമാണ് ഖട്ടർ ചെയ്യുന്നതെന്ന് അമരീന്ദർ സിംഗ് വിമർശിച്ചു. ലാത്തികൊണ്ടും ജലപീരങ്കികൊണ്ടുമാണ് ഹരിയാന സർക്കാർ പഞ്ചാബിൽ നിന്ന് ദില്ലിയിലേക്ക് നടന്ന ദില്ലി ചലോ എന്ന കർഷക പ്രതിഷേധത്തെ നേരിട്ടത്. അമരീന്ദർ സിംഗിനെ വിളിച്ചിരുന്നുവെന്നും അദ്ദേഹവുമായി സംസാരിക്കാനായില്ലെന്നും ഖട്ടർ പറഞ്ഞിരുന്നു.
എന്നെ നേരത്തേ വിളിച്ചിരുന്നുവെന്നും കിട്ടിയില്ലെന്നും ഖട്ടർ പറയുന്നത് നുണയാണ്. എന്നാൽ ഇപ്പോൾ എന്റെ കർഷകരോട് അദ്ദേഹം ഇത്തരമൊരു കാര്യം ചെയ്തതിന് ശേഷം, അദ്ദേഹം 10 തവണ വിളിച്ചാലും ഞാൻ സംസാരിക്കില്ല. പഞ്ചാബിലെ കർഷകരോട് ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുകയും അതിൽ മാപ്പ് പറയുകയും ചെയ്യാതെ ഞാൻ അദ്ദേഹത്തോട് ക്ഷമിക്കുകയില്ല. - അമരീന്ദർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam