അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതോടെ പശ്ചിമേഷ്യൻ വ്യോമപാത അടച്ചു. ഇതോടെ ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാർ വിദേശ വിമാനത്താവളങ്ങളിൽ കുടുങ്ങി.
ന്യൂഡൽഹി/ദുബായ്: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ പശ്ചിമേഷ്യൻ വ്യോമമേഖല യുദ്ധക്കളമായി. സുരക്ഷാ കാരണങ്ങളാൽ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകൾ റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ച 444 വിമാനങ്ങൾ കൂടി റദ്ദാക്കിയേക്കും. മേഖലയിലെ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളും പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ്.
യുദ്ധം രൂക്ഷമായതോടെ എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യയിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാതിവഴിയിൽ നിന്ന് തിരിച്ചിറക്കി. പശ്ചിമേഷ്യൻ രാജ്യങ്ങളിലൂടെയും പേർഷ്യൻ ഗൾഫ് മേഖലയിലൂടെയുമുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കർശന നിർദ്ദേശം നൽകി. സിറിയൻ, യെമൻ വ്യോമപാതകൾ നേരത്തെ തന്നെ അപകടമേഖലയായി പ്രഖ്യാപിച്ചിരുന്നു.
പി വി സിന്ധു കുടുങ്ങി
പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് വിമാനത്താവളം ഉൾപ്പെടെയുള്ളവ പ്രവർത്തനരഹിതമായി. ഇതോടെ ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാർ വിദേശ വിമാനത്താവളങ്ങളിൽ കുടുങ്ങി. ചൊവ്വാഴ്ച ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ പങ്കെടുക്കാൻ ബർമിംഗ്ഹാമിലേക്ക് പോകുകയായിരുന്ന സിന്ധു ദുബായിലാണ് കുടുങ്ങിയത്. ഫിബ ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം മടങ്ങുകയായിരുന്ന ഇന്ത്യൻ പുരുഷ ബാസ്‌ക്കറ്റ്‌ബോൾ ടീം ഖത്തറിലെ ദോഹയിലും കുടുങ്ങിക്കിടക്കുകയാണ്. യുദ്ധം അവസാനിക്കാതെ സർവീസുകൾ പുനരാരംഭിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ.


