
മധുര: മധുരയിൽ ജോലിക്കിടെ മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കുന്നതിനിടെ ബുൾഡോസർ തട്ടി 34കാരന്റെ തലയറുത്ത് കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് ദാരുണസംഭവമുണ്ടായത്. ഈറോഡ് ജില്ലയിലെ വീരരൻ എന്ന സതീഷ് ആണ് മരിച്ചത്. വിലങ്ങുടിയിലെ രാമമൂർത്തി നഗറിൽ 11 അടി താഴ്ചയിൽ ഡ്രെയിനേജ് പൈപ്പ് ജോലിക്കിടെയാണ് ഇയാൾ മണ്ണിനടിയിൽ കുടുങ്ങിയത്. സതീഷിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെയാണ് സംഭവം.
പരിഭ്രാന്തരായ തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സിനെ വിളിക്കുന്നതിന് പകരം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, രക്ഷാപ്രവർത്തനത്തിനിടെ യുവാവിന്റെ മുറിഞ്ഞുപോയെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സൈറ്റ് എഞ്ചിനീയർ സിക്കന്ദർ, സൈറ്റ് സൂപ്പർവൈസർ ബാലു, എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ സുരേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.
സുരക്ഷാ മുൻകരുതലെന്ന നിലയിൽ ആഴത്തിലുള്ള കുഴികളിൽ തൊഴിലാളികൾ ഇറങ്ങുമ്പോൾ സാധാരണയായി കയറുകൾ ഘടിപ്പിക്കണമെന്ന് മുതിർന്ന കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. തൊഴിലാളിയുടെ മൃതദേഹം രാജാജി സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സതീഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ആലുവ പാലത്തിൽ നിന്ന് മക്കളെ പുഴയിലെറിഞ്ഞ് കൂടെ ചാടിയ അച്ഛന്റെ മൃതദേഹവും കിട്ടി, മൂവരെയും തിരിച്ചറിഞ്ഞു
ആലുവ: ആലുവ മണപ്പുറം മേൽപാലത്തിൽ നിന്ന് മക്കളെ എറിഞ്ഞ് പെരിയാറിലേക്ക് ചാടിയ അച്ഛന്റെ മൃതദേഹവും കിട്ടി. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനാണ് ഇതെന്ന് തിരിച്ചറിഞ്ഞു. നേരത്തെ ഇയാളുടെ മക്കളെ രക്ഷിച്ചിരുന്നെങ്കിലും ഇവർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഉല്ലാസിന്റെ മക്കളായ കൃഷ്ണപ്രിയയും ഏകനാഥുമാണ് ഇതെന്നും പൊലീസ് തിരിച്ചറിഞ്ഞു. കൃഷ്ണപ്രിയ പ്ലസ് വൺ വിദ്യാർത്ഥിയും ഏകനാഥ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
ഇവരിൽ നിന്ന് കിട്ടിയ ഫോണിൽ നിന്ന് ബന്ധുക്കളെ വിളിച്ചപ്പോഴാണ് മരിച്ചവരെ കുറിച്ചുള്ള നിർണായക വിവരം പൊലീസിന് കിട്ടിയത്. ഇന്ന് വൈകുന്നേരമാണ് ആലുവ മേൽപ്പാലത്തിൽ നിന്ന് മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ഒപ്പം ചാടിയത്. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമെന്നായിരുന്നു പൊലീസിന് സ്ഥലത്ത് നിന്ന് കിട്ടിയ പ്രാഥമിക വിവരം. ആലുവ മണപ്പുറം പാലത്തിൽ സംഭവം കണ്ടവർ ഉടൻ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മക്കളെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി ജില്ലാ ആശുപത്രിയിലും ആൺകുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച് മരിച്ചു. ഏറെ വൈകിയാണ് ഉല്ലാസിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.
ഇന്ന് വൈകീട്ട് ആലുവ ഭാഗത്ത് നിന്ന് മണപ്പുറം ഭാഗത്തേക്ക് നടന്നെത്തിയതാണ് മൂവരും. പാലത്തിന് മുകളിൽ വെച്ച് ആദ്യം ഏകനാഥാണ് പുഴയിലേക്ക് ചാടിയത്. പിന്നാലെ സ്ഥലത്ത് നിന്ന് കരഞ്ഞ് കൊണ്ട് കുതറി ഓടാൻ ശ്രമിച്ച കൃഷ്ണപ്രിയയെ അച്ഛൻ ഉല്ലാസ് ഹരിഹരൻ പിടിച്ചു. പിന്നീട് കൃഷ്ണപ്രിയയെ ചേർത്ത് പിടിച്ചാണ് ഉല്ലാസ് ഹരിഹരൻ പുഴയിലേക്ക് ചാടിയത്. മൂവരുടെയും മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിന് കാരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.