
ദില്ലി: കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിക്ക് (Mukhtar Abbas Naqvi) ലോക്സഭയിലേക്ക് മത്സരിക്കാനും ബിജെപി (BJP) സീറ്റ് അനുവദിച്ചില്ല. രാജ്യസഭയിലേക്ക് പരിഗണിക്കാതിരുന്നതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിൽ നഖ്‌വിയെ പരിഗണിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ല. ജൂലൈ 7 ന് നഖ്വിയുടെ രാജ്യസഭ കാലാവധി അവസാനിക്കും. അതേസമയം, നഖ്‌വിയെ ഉപരാഷ്ട്രപതി (vice president) സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ നഖ്‌വി മത്സരിക്കുമെന്ന് കരുതിയിരുന്ന ഉത്തര്‍പ്രദേശിലെ റാംപുര്‍ മണ്ഡലത്തില്‍ ഗന്‍ശ്യാം ലോധിയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
പഞ്ചാബിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; നാല് മുൻ മന്ത്രിമാർ അടക്കം അഞ്ച് നേതാക്കൾ ബിജെപിയിലേക്ക്
മോദി (PM Modi) മന്ത്രിസഭയിലെ ഏക മുസ്ലിം അംഗമായ നഖ്‌വി പടിയിറങ്ങുന്നതോടെ രാജ്യസഭയിലും ലോക്‌സഭയിലും ബിജെപിക്ക് മുസ്ലിം എംപിമാരായി ആരുമുണ്ടാകില്ല. ലോക്സഭയിൽ പാര്‍ട്ടിക്ക് മുസ്ലിം പ്രാതിനിധ്യം ഇല്ലാതാകുമെന്നതിനാല്‍ ലോക്‌സഭാ ഉപതിരഞ്ഞടുപ്പില്‍ റാംപുരില്‍ നിന്ന് നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഗന്‍ശ്യം ലോധിയെ പ്രഖ്യാപിച്ചതോടെ നഖ്‌വി മത്സരിക്കില്ലെന്നുറപ്പായി. എംപിയായില്ലെങ്കിൽ നഖ്‌വിയുടെ മന്ത്രിസ്ഥാനം അനിശ്ചിതത്വത്തിലാകും. എന്നാൽ, നഖ്‌വിക്ക് ഉപരാഷ്ട്രപതി സ്ഥാനം നൽകുമെന്ന അഭ്യൂഹം ശക്തമായി. എന്നാൽ, വാർത്തകളോട് ബിജെപി കേന്ദ്രനേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.