10,000 അടി ഉയരം, പത്ത് വർഷത്തെ നിർമ്മാണ പ്രവർത്തനം; ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ ടണല്‍ യാഥാർത്ഥ്യത്തിലേക്ക്

By Web TeamFirst Published Sep 16, 2020, 5:52 PM IST
Highlights

ആദ്യം ആറു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുകയായിരുന്നു. 

ഷിംല: ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ ടണല്‍ രാജ്യത്ത് യാഥാര്‍ത്ഥ്യമായി. ഹിമാചല്‍ പ്രദേശില്‍ മണാലിയെയും ലേയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള അടല്‍ റോഹ്തങ് ടണലിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. പത്തുവര്‍ഷം കൊണ്ടാണ് സമുദ്രനിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലുള്ള ടണലിന്റെ നിര്‍മ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 

ആദ്യം ആറു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുകയായിരുന്നു. ടണലില്‍ 60 മീറ്റര്‍ ഇടവിട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷപ്പെടുന്നതിന് 500 മീറ്റര്‍ വ്യത്യാസത്തില്‍ എമര്‍ജന്‍സി വാതിലും സജ്ജമാക്കിയിട്ടുണ്ട്.  

ഏതെങ്കിലും കാരണവശാല്‍ തീപിടിത്തം ഉണ്ടായാല്‍ അണയ്ക്കാന്‍ പ്രത്യേക സംവിധാനങ്ങളും ടണിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10.5 മീറ്റര്‍ വീതിയാണ് ടണലിനുള്ളത്. ടണലിന്റെ രണ്ടുവശങ്ങളിലുമായി ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്. 

ടണല്‍ യാഥാര്‍ത്ഥ്യമായതോടെ മണാലിയും ലേയും തമ്മിലുളള ദൂരത്തില്‍ 46 കിലോമീറ്റര്‍ ലാഭിക്കാന്‍ കഴിഞ്ഞതായി ചീഫ് എഞ്ചിനീയർ കെപി പുരുഷോത്തമന്‍ പറയുന്നു. യാത്രക്കാര്‍ക്ക് നാലു മണിക്കൂറിന്റെ ലാഭമാണ് ലഭിക്കുക.
നിര്‍മ്മാണം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും പുരുഷോത്തമന്‍ കൂട്ടിച്ചേർത്തു.

അതിര്‍ത്തിയിലേക്ക് അടിയന്തരഘട്ടത്തില്‍ കൂടുതല്‍ യുദ്ധസാമഗ്രികള്‍ കാലതാമസം കൂടാതെ എത്തിക്കാന്‍ ഈ തുരങ്കം സഹായകമാകും. ടണലിനുള്ളില്‍ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും.

click me!