ജമ്മുകശ്മീരിലൊരുങ്ങുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള റെയില്‍വെ പാലം

By Web TeamFirst Published Aug 24, 2020, 2:39 PM IST
Highlights

കശ്മീര്‍ താഴ്വരയെ ജമ്മുവിലെ കത്രയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഈ പാലം പൂര്‍ത്തിയാവുന്നതോടെ കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 6 മണിക്കൂര്‍ വരെ ലാഭിക്കാനാവുമെന്നാണ് വിലയിരുത്തുന്നത്. 

ശ്രീനഗര്‍: ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള റെയില്‍വെ പാലം ജമ്മുകശ്മീരിലൊരുങ്ങുന്നു. ചെനാബ് നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ഈ പാലം 2022 ഓഗസ്റ്റില്‍ പണി പൂര്‍ത്തിയാവുമെന്നാണ് കണക്കുകൂട്ടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള നിര്‍മ്മിതികളിലൊന്നായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തിലാണ് ഈ പാലം പണിയുന്നത്. കശ്മീര്‍ താഴ്വരയെ ജമ്മുവിലെ കത്രയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഈ പാലം പൂര്‍ത്തിയാവുന്നതോടെ കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 6 മണിക്കൂര്‍ വരെ ലാഭിക്കാനാവുമെന്നാണ് വിലയിരുത്തുന്നത്.

2022 ഓഗസ്റ്റില്‍ പണി പൂര്‍ത്തിയാക്കണമെന്ന ഉദ്ദേശത്തോടെയാണ് പണി നടക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഈര്‍ ആര്‍ മാലിക് ഡിഎന്‍എയോട് പറയുന്നത്. പരിസ്ഥിതിയുടെ കിടപ്പ് അനുസരിച്ച് അത്ര സുഗമമല്ല പണിയെന്നും മാലിക് കൂട്ടിച്ചേര്‍ക്കുന്നു. പാലം നിര്‍മ്മാണം പ്രദേശത്തുള്ളവര്‍ക്ക് തൊഴിലവസരം നല്‍കുന്നുണ്ട്. കഠിനമായി പരിശ്രമം ആരംഭിക്കുന്നത് പ്രാദേശിക സാമ്പത്തിക നിലയെ പ്രോല്‍സാഹിപ്പിക്കും. പാലം പൂര്‍ത്തിയാവാന്‍ നിരവധി ഗ്രാമങ്ങളിലെ ആളുകളാണ് കാത്തിരിക്കുന്നതെന്നും മാലിക് പറയുന്നു. 

വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന റൈസി ജില്ലയിലാണ് ഈ പാലം. വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും ഈ പാത വലിയ സഹായകരമാകുമെന്നാണ് കണക്കുകൂട്ടല്‍. 1.3 കിലോമീറ്റര്‍ ദൂരമാണ് ഈ പാലത്തിനുള്ളത്. റിക്ടര്‍ സ്കെയിലില്‍ 7 പോയിന്‍റെ വരെ രേഖപ്പെടുത്തിയ ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന രീതിയിലാണ് പാലത്തിന്‍റെ നിര്‍മ്മാണം. ഉധംപൂര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍വേ പാതയുടെ ഭാഗമായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാലം നിര്‍മ്മിക്കുന്നത്. 

click me!