'പട്ടേലിനും ഉയരെ ശ്രീരാമന്‍'; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ അയോധ്യയില്‍

By Web TeamFirst Published Aug 2, 2019, 3:31 PM IST
Highlights

ശ്രീരാമ കഥ വിഷയമാക്കിയുള്ള ഡിജിറ്റല്‍ മ്യൂസിയവും ലൈബറി, പാര്‍ക്കിങ്, ഭക്ഷണശാല തുടങ്ങിയവും വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലഖ്നൗ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ അയോധ്യയില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തില്‍ നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയെക്കാളും ഉയരം കൂടിയ പ്രതിമയാകും ഇതെന്നും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും യോഗി പറഞ്ഞു.

യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അയോധ്യയില്‍ സരയൂ നദിയുടെ തീരത്ത് നിര്‍മ്മിക്കുന്ന പ്രതിമയ്ക്ക് 251 മീറ്റര്‍ നീളമുണ്ടാകും. അയോധ്യയുടെ സമ്പൂര്‍ണ വികസനത്തിനായി സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും യോഗി പറഞ്ഞു.

ശ്രീരാമ കഥ വിഷയമാക്കിയുള്ള ഡിജിറ്റല്‍ മ്യൂസിയവും ലൈബറി, പാര്‍ക്കിങ്, ഭക്ഷണശാല തുടങ്ങിയവും വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിമയുടെ നിര്‍മ്മാണത്തിനായി ഗുജറാത്ത് സര്‍ക്കാരിന്‍റെ സാങ്കേതിക സഹായം തേടിയിട്ടുണ്ടെന്നും ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന വിശേഷണത്തിന് അര്‍ഹമായിട്ടുള്ളത്. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന പ്രതിമയ്ക്ക് 182 മീറ്ററാണ് ഉയരം. 

click me!