'ദേശീയ പൗരത്വ രജിസ്റ്റർ മതേതരമാണ്, എന്നാൽ 'മതേതര പീഡനം' കൂടിയാകും': ചേതൻ ഭ​ഗത്

By Web TeamFirst Published Jan 20, 2020, 11:52 AM IST
Highlights

രാജ്യത്ത് 'മതേതര പീഡനങ്ങൾ' സംഭവിക്കാൻ ഇടയുണ്ടെന്നും അതിനാൽ എൻആർസി തത്ക്കാലം മാറ്റിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദില്ലി: ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലായാൽ അത് ദുരുപയോ​ഗം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പുമായി എഴുത്തുകാരൻ ചേതൻ ഭ​ഗത്. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചേതൻ ഭ​ഗത് ഇപ്രകാരം പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയിൽ ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയ ലേഖനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. രാജ്യത്ത് 'മതേതര പീഡനങ്ങൾ' സംഭവിക്കാൻ ഇടയുണ്ടെന്നും അതിനാൽ എൻആർസി തത്ക്കാലം മാറ്റിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

''സ്വത്വ അധിഷ്ഠിത രാഷ്ട്രീയം ഉപയോ​ഗിക്കുന്ന പാർട്ടിയായിട്ടാണ് ബിജെപിയെ പലരും കാണുന്നത്. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചുള്ള പ്രഖ്യാപനം ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം സൃഷ്ടിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ എന്‍ആര്‍സി ഇതിനകം അസമില്‍ നടപ്പാക്കിയിട്ടുണ്ട്. 19 ലക്ഷം പേരാണ് ആ പട്ടികയില്‍ ഇടംപിടിക്കാതെ പോയത്. ഇതു രാജ്യവ്യാപകമായി നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.'' അദ്ദേഹം പറഞ്ഞു.

''എന്നാല്‍ ഇതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും മുസ്‌ലിംകളോട് വിവേചനം കാണിക്കുമെന്ന വ്യാപക ആശങ്കയും ഉയര്‍ന്നതോടെ പ്രധാനമന്ത്രി ഇതില്‍നിന്നു പിന്നോട്ട് പോയിരിക്കുകയാണ്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് പ്രധാനമന്ത്രി ഇപ്പോൾ പറയുന്നത്. ഭയം ന്യായമാണെന്ന്  പറയുന്നില്ല. എന്നാല്‍, ഭയം യഥാര്‍ത്ഥമാണ്. ബിജെപി എല്ലായ്‌പ്പോഴും ധ്രുവീകരണത്തിനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് ജനങ്ങള്‍ അത്തരത്തില്‍ ചിന്തിച്ചത്. മറ്റൊരു സര്‍ക്കാരാണ് എന്‍ആര്‍സി കൊണ്ടുവന്നിരുന്നതെങ്കില്‍ ജനങ്ങള്‍ക്കതില്‍ വിശ്വാസ്യത ഉണ്ടാവുകയും അത് മികച്ച സ്വീകാര്യത നേടുകയും ചെയ്യുമായിരുന്നു.'' ചേതൻ ഭ​ഗത് വ്യക്തമാക്കി. 

വളരെ ചെലവേറിയതും എന്നാൽ അർത്ഥരഹിതവുമായ ഒന്നാണ് എൻആർസി. ചിലപ്പോൾ ഒരു ആഭ്യന്തര യുദ്ധത്തിന് വരെ ഈ നിയമം കാരണമായേക്കാം എന്നും ചേതൻ ഭ​ഗത് അഭിപ്രായപ്പെട്ടു. എല്ലാ രേഖകളും നഷ്ടപ്പെട്ടവരുണ്ടാകാം. രേഖകൾ നഷ്ടപ്പെട്ടവർ അ‍ഞ്ച് ശതമാനം വരും. അതായത് ഏകദേശം ആറ് കോടിയോളം വരും. ഇവരെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ചേതൻ ഭ​ഗത് വ്യക്തമാക്കി. 

 

click me!