ചരിത്രത്തിലെ മൂന്നാം തവണ, ജലനിരപ്പ് 207.41 മീറ്ററിലെത്തി, രൗദ്രഭാവം പൂണ്ട് യമുനാ നദി, രാജ്യതലസ്ഥാനം വെള്ളപ്പൊക്ക ഭീഷണിയിൽ

Published : Sep 04, 2025, 12:02 AM IST
Yamuna River flows above the danger level

Synopsis

2023-ൽ നഗരം കടുത്ത വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ യമുനയിലെ ജലനിരപ്പ് 208.66 മീറ്ററായി ഉയർന്നു. 1978-ൽ ജലനിരപ്പ് 207.49 മീറ്ററിലെത്തി.

ദില്ലി: യമുന നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിലയായ 207.41 മീറ്ററിലെത്തിയതോടെ നദീതീരങ്ങളിൽ വെള്ളപ്പൊക്കം. ദില്ലി ന​ഗരത്തിലെ നദീതീരത്തെ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. രാത്രി 9 മണിയോടെയാണ് മിക്കയിടത്തും വെള്ളം കയറിയത്. 1978 ലും 2023 ലും ഉണ്ടായ വെള്ളപ്പൊക്കത്തിലായിരുന്നു യമുന നദിയിലെ ജലനിരപ്പ് റെക്കോർഡ് നിലയിലേക്ക് ഉയർന്ന മറ്റ് രണ്ട് സാഹചര്യം. യമുന ബസാർ, ഗീത കോളനി, മജ്നു കാ തില, കശ്മീരി ഗേറ്റ്, ഗർഹി മണ്ടു, മയൂർ വിഹാർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇതുവരെ 14,000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഐടിഒ, മയൂർ വിഹാർ, ഗീത കോളനി എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 

ഔട്ടർ റിംഗ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഐടിഒയിൽ നിന്ന് റിംഗ് റോഡിലേക്കുള്ള റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. വാസുദേവ് ​​ഘട്ട്, മൊണാസ്ട്രി മാർക്കറ്റ്, ഓൾഡ് ദില്ലി റെയിൽവേ പാലം എന്നിവ അടച്ചിട്ടു. നിഗംബോധ് ഘട്ടിലേക്ക് വെള്ളം കയറി. ജലനിരപ്പ് ഉയർന്നാൽ ശ്മശാനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുമെന്നും അധികൃതർ അറിയിച്ചു. വസീറാബാദ്, ഹത്നികുണ്ഡ് ബാരേജുകളിൽ നിന്ന് ഓരോ മണിക്കൂറിലും ഉയർന്ന അളവിൽ വെള്ളം തുറന്നുവിടുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമെന്ന് കേന്ദ്ര വെള്ളപ്പൊക്ക നിയന്ത്രണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ദേശീയ തലസ്ഥാനത്തെ വടക്ക്, വടക്ക് കിഴക്ക്, ഷഹ്ദാര, കിഴക്ക്, മധ്യ, തെക്ക് കിഴക്കൻ ജില്ലകൾ വെള്ളപ്പൊക്ക സാധ്യതയുള്ളതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 2023-ൽ നഗരം കടുത്ത വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ യമുനയിലെ ജലനിരപ്പ് 208.66 മീറ്ററായി ഉയർന്നു. 1978-ൽ ജലനിരപ്പ് 207.49 മീറ്ററിലെത്തി. 2010-ൽ ജലനിരപ്പ് 207.11 മീറ്ററായും 2013-ൽ 207.32 മീറ്ററായും ഉയർന്നു. ഓഖ്‌ല അണക്കെട്ടിൽ നിന്നുള്ള വെള്ളം പുറന്തള്ളുന്നത് നിരീക്ഷിക്കുന്നതിനായി നഗരത്തിലെ ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് ഉത്തർപ്രദേശിലെ ജലസേചന വകുപ്പുമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊതുകുകൾ പരത്തുന്ന രോഗങ്ങൾ തടയുന്നതിനായി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും യമുനയ്ക്ക് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും കീടനാശിനി തളിക്കാൻ പൊതുജനാരോഗ്യ വകുപ്പിനോട് നഗരസഭ നിർദ്ദേശിച്ചു.

PREV
Read more Articles on
click me!

Recommended Stories

സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന
'ഞാൻ എന്‍റെ വസ്ത്രങ്ങളെല്ലാം കൗണ്ടറിൽ ഊരിയെറിയും', എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് യാത്രക്കാരൻ; ദില്ലിയിൽ ഇൻഡിഗോയ്ക്കെതിരെ പ്രതിഷേധം