ഇന്ത്യൻ രാഷ്ട്രീയത്തിലെ താക്കോൽ സ്ഥാനങ്ങൾ കാത്തവരും വെട്ടിപ്പിടിച്ചവരും; 2024ലെ പ്രധാന സത്യപ്രതിജ്ഞകൾ

Published : Dec 29, 2024, 11:08 PM ISTUpdated : Dec 29, 2024, 11:10 PM IST
ഇന്ത്യൻ രാഷ്ട്രീയത്തിലെ താക്കോൽ സ്ഥാനങ്ങൾ കാത്തവരും വെട്ടിപ്പിടിച്ചവരും; 2024ലെ പ്രധാന സത്യപ്രതിജ്ഞകൾ

Synopsis

ലോക്സഭ തെരഞ്ഞെടുപ്പും ഒപ്പം എട്ട് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും നടന്ന വർഷമാണ് 2024.

നിരവധി തെരഞ്ഞെടുപ്പുകൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ച വർഷമാണ് 2024. രാജ്യത്തിന്റെ ഭാവിയെ നിർണയിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പും ഒപ്പം എട്ട് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും ഈ വർഷം നടന്നു. ഈ വർഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ താക്കോൽ സ്ഥാനങ്ങൾ കാത്തുസൂക്ഷിച്ചവരും പിടിച്ചെടുത്തവരും ആരൊക്കെയാണെന്ന് നോക്കാം. 

1. നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരം ഉറപ്പിക്കുന്നതിനാണ് ഈ വർഷം രാജ്യം സാക്ഷ്യം വഹിച്ചത്. ജൂൺ 9ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മോദിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏഴ് അയൽ രാജ്യങ്ങളിലെ നേതാക്കളും ബോളിവുഡ് താരങ്ങളും വ്യവസായികളും ഉൾപ്പെടെ ആയിരക്കണക്കിന് പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

നരേന്ദ്ര മോദിയും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയും പ്രതീക്ഷിച്ച വിജയമല്ല ഇത്തവണ ലഭിച്ചത്. ലോക്‌സഭയിൽ 400 സീറ്റുകൾ നേടുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ എൻഡിഎയ്ക്ക് 293 സീറ്റുകൾ മാത്രമാണ് നേടാനായത്. 2019-ലും 2014-ലും നേടിയ 303, 282 സീറ്റുകളിൽ നിന്നാണ് ബിജെപി 240 സീറ്റുകളിലേയ്ക്ക് പതിച്ചത്. കേവല ഭൂരിപക്ഷത്തിൽ (272) നിന്ന് 32 സീറ്റുകളുടെ കുറവാണ് എൻഡിഎയ്ക്ക് ഉണ്ടായത്. സർക്കാർ രൂപീകരണത്തിന് ടിഡിപി, ജനതാദൾ (യുണൈറ്റഡ്) സഖ്യകക്ഷികളുടെ സഹായവും ബിജെപിയ്ക്ക് വേണ്ടി വന്നു. 

2. നയാബ് സിം​ഗ് സൈനി

നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത തിരിച്ചടി നേരിടുമെന്ന് എക്സിറ്റ് പോളുകൾ ഉൾപ്പെടെ വിലയിരുത്തിയ ഹരിയാനയിൽ എല്ലാ പ്രവചനങ്ങളെയും മലർത്തിയടിച്ച് കൊണ്ടാണ് നയാബ് സിം​ഗ് സൈനി മുഖ്യമന്ത്രിയായത്. ഒക്ടോബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തി. 90 അം​ഗ നിയമസഭയിൽ 48 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷമാണ് ബിജെപി നേടിയത്. 37 സീറ്റുകളിൽ ഒതുങ്ങിയത് കോൺ​ഗ്രസിന് കനത്ത തിരിച്ചടിയായി മാറുകയും ചെയ്തു. 

3. ഒമർ അബ്ദുള്ള

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പിനാണ് 2024ൽ ജമ്മു കശ്മീർ വേദിയായത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ഇതാദ്യമായാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് (ജെകെഎൻ) നേതാവായ ഒമ‍ർ അബ്ദുള്ള ചരിത്രം കുറിച്ച് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 90 അം​ഗ നിയമസഭയിൽ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന് മാത്രം 42 സീറ്റുകൾ നേടാനായി. 29 സീറ്റുകളിൽ വിജയിച്ച ബിജെപിയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 

4. ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്ട്രയിൽ നടന്ന ആവേശകരമായ തെരഞ്ഞെടുപ്പിൽ എൻഡിഎ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ബിജെപി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് അധികാരത്തിൽ തിരിച്ചെത്തുന്ന കാഴ്ചയാണ് ഈ വർഷം കാണാനായത്. 288 അംഗ നിയമസഭയിൽ ഭരണകക്ഷിയായ മഹായുതി സഖ്യം 230 സീറ്റുകളിലും വിജയിച്ചു. പ്രതിപക്ഷമായ മഹാ വികാസ് അഗാഡി കേവലം 46 സീറ്റുകളിലേയ്ക്ക് കൂപ്പുകുത്തുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് ഏക്നാഥ് ഷിൻ‍ഡെ നിലപാട് എടുത്തപ്പോൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് അദ്ദേഹം ഫഡ്നാവിസിന് വഴി മാറി കൊടുത്തത്. 

5. ഹേമന്ത് സോറൻ

ജാർഖണ്ഡിൽ ഈ വർഷം നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) പ്രസിഡൻ്റ് ഹേമന്ത് സോറൻ മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തി. 81 അംഗ നിയമസഭയിൽ 56 സീറ്റുകൾ നേടിയാണ് ജെഎംഎം നേതൃത്വം നൽകുന്ന സഖ്യം വീണ്ടും അധികാരത്തിലെത്തിയത്. ജെഎംഎം 34 സീറ്റുകളിൽ വിജയിച്ചപ്പോൾ സഖ്യകക്ഷികളായ കോൺഗ്രസ് 16 ഇടത്തും ആർജെഡി നാലിടത്തും വിജയിച്ചു. എൻഡിഎ സഖ്യത്തിൽ ബിജെപി 21 സീറ്റുകൾ നേടി. 

6. മോഹൻ ചരൺ മാജി

ഒഡീഷയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 24 വർഷം നീണ്ട നവീൻ പട്‌നായിക്കിന്റെ ഭരണത്തിന് വിരാമമിട്ട് ബിജെപി കരുത്തുറ്റ വിജയം സ്വന്തമാക്കുകയായിരുന്നു. മോഹൻ ചരൺ മാജി മുഖ്യമന്ത്രിയായി. ബിജെഡിക്ക് 51 സീറ്റുകൾ മാത്രമാണ് നേടാനായത്. ബിജു ജനതാ ദൾ, ബിജെപി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സിപിഐ (എം) എന്നീ പാർട്ടികളാണ് പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്. 147 നിയസഭാ മണ്ഡലങ്ങളാണ് ഒഡീഷയിലുള്ളത്. ഇതിൽ 78 സീറ്റുകൾ നേടി ബിജെപി വലിയ മുന്നേറ്റം കാഴ്ചവെച്ചു. 2004 ലെ ആദ്യ തെരഞ്ഞെടുപ്പിന് ശേഷം ബിജെഡിയുടെ ഏറ്റവും കുറഞ്ഞ സീറ്റ് വിഹിതമായിരുന്നു ഇത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റ് പോലും നേടാൻ ബിജെഡിക്കായില്ല. ആകെയുള്ള 21 സീറ്റുകളിൽ 20ഉം ബിജെപി സ്വന്തമാക്കിയപ്പോൾ ഒരു സീറ്റ് കൊണ്ട് കോൺ​ഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു.

7. ചന്ദ്രബാബു നായിഡു

ആന്ധ്രാ പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2024 മെയ് 13നാണ് നടന്നത്. തെലുങ്കുദേശം പാർട്ടി മത്സരിച്ച 144 സീറ്റുകളിൽ 135 എണ്ണവും സ്വന്തമാക്കി. 175 സീറ്റുകളുള്ള നിയമസഭയിൽ എൻഡിഎ സഖ്യത്തിന് 164 സീറ്റുകളാണ് ലഭിച്ചത്. മിന്നുന്ന വിജയത്തോടെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി. വൈഎസ്ആർ കോൺഗ്രസ് (വൈഎസ്ആർസിപി) 11 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിനും സിപിഐയ്ക്കും സിപിഎമ്മിനും ഒരിടത്തും വിജയിക്കാനായില്ല.

8. പേമ ഖണ്ഡു

അരുണാചൽ പ്രദേശ് പതിനൊന്നാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി വിജയമാണ് സ്വന്തമാക്കിയത്. 2024 ഏപ്രിൽ 19നായിരുന്നു തെരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 46 സീറ്റുകളും ബിജെപി സ്വന്തമാക്കി. പേമ ഖണ്ഡു അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്ത് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 50 സീറ്റുകളിലേയ്ക്കായിരുന്നു തെരഞ്ഞെടുപ്പ്.

9. പ്രേം സിങ് തമാങ് 

സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) മിന്നും വിജയം നേടി വീണ്ടും അധികാരത്തിലെത്തി. 32 സീറ്റുകളുള്ള നിയമസഭയിൽ 31ഉം സിക്കിം ക്രാന്തികാരി സ്വന്തമാക്കി. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് (എസ്ഡിഎഫ്) ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. പ്രേം സിങ് തമാങ് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. 2019ലെ തെരഞ്ഞെടുപ്പിൽ 17 സീറ്റുമായി എസ്കെഎം അധികാരം പിടിക്കുകയായിരുന്നു. എസ്ഡിഎഫിന് 15 സീറ്റാണ് നേടാനായത്.

READ MORE: മോദിയുടെ മൂന്നാമൂഴം, മൂക്കുകയറിൽ മുറുകെ പിടിക്കാൻ മുന്നണിയുണ്ട്; പതിറ്റാണ്ടിന് ശേഷം ഒരു പ്രതിപക്ഷ നേതാവും

PREV
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി