
ബംഗളൂരു: മുസ്‌ലിംകളെ സമാധാനത്തോടെയും അന്തസോടെയും ജീവിക്കാൻ അനുവദിക്കണമെന്ന് കര്‍ണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്.യെദ്യൂരപ്പ. മുസ്ലീങ്ങളെയും മുസ്ലീം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ലക്ഷ്യംവച്ച് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രചാരണങ്ങൾക്കിടെയാണ് യെദ്യൂരപ്പയുടെ പ്രസ്താവന.
മുസ്ലീങ്ങളുടെ പഴവണ്ടികൾ നശിപ്പിച്ചതിന് ശ്രീരാമസേനയിലെ നാല് അംഗങ്ങളെ ധാർവാഡിൽ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രസ്താവന. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഹിന്ദുത്വ സംഘടനകള്‍ അവസാനിപ്പിക്കണമെന്ന് യെദ്യൂരപ്പ അഭ്യർത്ഥിച്ചു.
“ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു അമ്മയുടെ മക്കളെപ്പോലെ ജീവിക്കുന്നത് കാണണമെന്നാണ് എന്‍റെ ആഗ്രഹം. ചില കുബുദ്ധികൾ അത് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു, ഇത്തരം സംഭവങ്ങള്‍ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്,” യെദ്യൂരപ്പ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇനിയെങ്കിലും ഇത്തരം അസുഖകരമായ സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും നമ്മൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിവാദത്തിന് ശേഷം ഹിന്ദുത്വ സംഘടനകൾ കര്‍ണാടകയില്‍ നടത്തുന്ന പ്രചാരണങ്ങളെ പരസ്യമായി വിമർശിച്ച ആദ്യത്തെ മുതിര്‍ന്ന നേതാവാണ് ബിജെപി നേതാവ് യെദ്യൂരപ്പ.
കർണാടക നിയമ, പാർലമെന്ററി കാര്യ മന്ത്രി ജെ.സി.മധുസ്വാമി ഇത്തരം സംഭവങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രസ്താവന. “സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ തുടരാൻ തീരുമാനിച്ചവരെല്ലാം ഇന്ത്യക്കാരാണ്. ഈ രാജ്യം എല്ലാവരുടേതുമാണ്,മധുസ്വാമി ഞായറാഴ്ച ബെലഗാവിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചിലരുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ ഉത്തരവാദികളാകില്ലെന്നും എന്നാൽ, പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും സമാധാനം തകർക്കുകയും ചെയ്താൽ അത്തരം ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam