യെസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്‍റ്

By Web TeamFirst Published Mar 17, 2020, 6:55 AM IST
Highlights

വായ്പ സംഘടിപ്പിച്ച കോർപ്പറേറ്റുകളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് ഇഡി നീക്കം. സീ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്ര, ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ എന്നിവരെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യും.

മുംബൈ: യെസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സീ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്ര, ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ എന്നിവർക്ക് നോട്ടീസ് നൽകി. നാളെ മുതൽ എല്ലാ ബാങ്കിംഗ് സേവനങ്ങളും യെസ് ബാങ്ക് പുനസ്ഥാപിക്കും.

വഴിവിട്ട് വായ്പ നൽകി ബാങ്കിനെ പ്രതിസന്ധിയിലാക്കിയതിന് യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂർ ഈ മാസം 20 വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിൽ തുടരും. വായ്പ സംഘടിപ്പിച്ച കോർപ്പറേറ്റുകളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് ഇഡി നീക്കം. സീ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്ര, ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ എന്നിവരെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യും.

നോട്ടീസ് കിട്ടിയിട്ടും ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനിയോട് വ്യാഴാഴ്ച ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടു. അതിനിടെ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുന്നതിന്‍റെ ഭാഗമായി നാളെ വൈകീട്ട് 6 മണി മുതൽ യെസ് ബാങ്കിന്‍റെ എല്ലാവിധ സേവനങ്ങളും പുനസ്ഥാപിക്കും. 

മാർച്ച് 26ന് പുതിയ ഭരണ സമിതിക്ക് അധികാരം കൈമാറും. പണക്ഷാമം പരിഹരിക്കാൻ ആവശ്യമെങ്കിൽ പണം നൽകാനും തയാറാണെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധി അയഞ്ഞതോടെ യെസ് ബാങ്കിന്‍റെ ഓഹരി മൂല്യം 40 ശതമാനത്തിലേറെ വർധിച്ചു.

click me!