
ലക്നൗ: യോഗയും ആരോഗ്യവും പരസ്പരപൂരകങ്ങളാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിത്യവും യോഗ പരിശീലിക്കുന്നവർക്ക് രോഗപ്രതിരോധ ശേഷി വർദ്ധിക്കും. ഒരു വ്യക്തയിൽ ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടായിരുന്നാൽ ഏതൊരു വിധത്തിലുള്ള വൈറസ് ബാധയിൽ നിന്നും രക്ഷ നേടാൻ സാധിക്കും. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഓൺലൈൻ യോഗ വർക്ക്ഷോപ്പിൽ സംസാരിക്കവേയാണ് യോഗി ആദിത്യനാഥ് ഇപ്രകാരം പറഞ്ഞത്. മഹാറണ പ്രതാപ് ശിക്ഷ പരിഷതും മഹായോഗി ഗോരക്ഷനാഥ് യോഗ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടാണ് ഓൺലൈൻ യോഗ വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.
കൊറോണ വാൈറസിനെ ആരും ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിൽ നിന്ന് സ്വയം പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികൾ, പ്രായമായവർ, ഏതെങ്കിലും രോഗം ബാധിച്ചവർ എന്നിവർക്കാണ് രോഗം പകരാൻ കൂടുതൽ സാധ്യത. യോഗി പറഞ്ഞു. യോഗയുടെ പ്രവർത്തന വശം എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്ക് ഉപയോഗപ്രദമാണ്. ഇതിലൂടെ ഒരുവന് ശാരീരികവും മാനസികവുമായ ആരോഗ്യം നേടിയെടുക്കാൻ സാധിക്കും. മാത്രമല്ല, ആത്മീയ ലോകത്തിന്റെ രഹസ്യങ്ങളും മനസ്സിലാക്കാൻ സാധിക്കും. ആത്മീയ ലോകത്തെക്കുറിച്ചറിയാൻ ആരോഗ്യമുള്ള മനസ്സും ശരീരവും അത്യാവശ്യമാണ്. അത് യോഗയിലൂടെ മാത്രമേ സാധ്യമാകൂ. അതിനാൽ എല്ലാവരും യോഗ തങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തണം. യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ ശ്രമഫലമായിട്ടാണ് യോഗയ്ക്ക് ആഗോള അംഗീകാരം ലഭിച്ചത്. ഇന്ന് 200 ലധികം രാജ്യങ്ങളാണ് യോഗ ദിനം ആചരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി മൂലം യോഗ കൂട്ടായ്മ സംഘടിപ്പിക്കാൻ സാധിക്കില്ല. അതിനാൽ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ യോഗ ചെയ്യാനും യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam