
ദില്ലി: യോഗ പരിശീലിക്കുന്നവർക്ക് കൊവിഡ് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കേന്ദ്ര ആയുഷ്മന്ത്രിയും ബിജെപി നേതാവുമായ ശ്രീപദ് നായിക്. അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് പിടിഐയോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ രാജ്യത്തും ലോകമെമ്പാടും യോഗ പ്രചരിപ്പിക്കുന്നത് കൊവിഡിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ ആഗോളതലത്തിൽ യോഗ പ്രചരിപ്പിക്കുന്നത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. അതുപോലെ യോഗ അഭ്യസിക്കുന്നവർക്ക് കൊവിഡ് ബാധയ്ക്കുള്ള സാധ്യതയും വളരെ കുറവാണ്. വടക്കൻ ഗോവയിലെ പനാജിയ്ക്ക് സമീപം റിബാന്ദറിലുള്ള വീട്ടിൽ വച്ചാണ് ബിജെപി നേതാവ് യോഗ പരിശീലിക്കുന്നത്. യോഗാഭ്യാസം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശ്വസന പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കൊവിഡ് പോലെയുള്ള മഹാരോഗങ്ങളെ പ്രതിരോധിക്കാനും യോഗയിലൂടെ സാധിക്കുന്നു. ശ്രീപദ് നായിക് പറഞ്ഞു,
കൊവിഡ് വ്യാപനത്തെ തുടർന്ന് യോഗ ദിനത്തിൽ സംഘടിക്കേണ്ടിയിരുന്ന ചടങ്ങ് മാറ്റിവച്ചിരുന്നു. സാമൂഹിക അകലം അത്യാവശ്യമായി പാലിക്കേണ്ട സാഹചര്യമായതിനാലാണ് ചടങ്ങ് മാറ്റിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പകരം എല്ലാവരും വീട്ടിൽ തന്നെ തുടർന്ന് യോഗ ചെയ്യാനും അദ്ദേഹം നിർദ്ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam