
ദില്ലി: അന്തർദേശീയ യോഗാ ദിനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലിരുന്ന് യോഗ ചെയ്യാൻ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം. മൻ കി ബാത്തിലൂടെയാണ് എന്റെ ജീവിതം എന്റെ യോഗ എന്ന വിഷയം മുമ്പോട്ട് വച്ചുകൊണ്ട് മോദി ജനങ്ങളെ ആഹ്വാനം ചെയ്തത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീടുകളിൽ സജീവമായി ആരോഗ്യത്തോടെ തുടരാനും അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ജൂൺ 21 നാണ് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നത്. 'കുടുംബാംഗങ്ങൾക്കൊപ്പം വീടുകളിൽ യോഗ' എന്നാണ് ഈ വർഷത്തെ യോഗാദിന വിഷയം.
കൊറോണ വൈറസ് മഹാമാരി വ്യാപിച്ചതിനെ തുടർന്നാണ് വീടുകളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാനുള്ള തീരുമാനം. 'കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം നിലനിൽക്കുന്നതിനാൽ കൂട്ടം കൂടി യോഗ ചെയ്യുക എന്നത് ഉചിതമല്ല. അതിനാൽ ഈ വർഷം കുടുംബാംഗങ്ങൾക്കൊപ്പം വീടുകളിലിരുന്ന് യോഗ ചെയ്യാൻ മന്ത്രാലയം ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.' ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
ഈ വിഷയത്തെ സംബന്ധിച്ച് ആയുഷ് മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഒപ്പം മൈ ലൈഫ്, മൈ യോഗ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി വീഡിയോ ബ്ലോഗിംഗ് മത്സരത്തെക്കുറിച്ചും അറിയിപ്പുണ്ട്. യോഗ ചെയ്യുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് ഈ മത്സരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി പൗരൻമാരെ ക്ഷണിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെയും ആയുഷ് മന്ത്രാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ യോഗയുടെ പരിവർത്തനാത്മക സ്വാധീനം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ മത്സരത്തിന് പിന്നിലുള്ളതെന്നും അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൊന്നാണിതെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആയുഷ് മന്ത്രാലയത്തിന്റെ സമൂഹമാധ്യമ പേജുകളിൽ തത്സമയമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam